
-
ലോകം മുഴുവന്‍ കോവിഡ് 19-നെ കീഴടക്കാനുള്ള തീവ്രശ്രമത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ചൈനയിലെ മരുന്നുകമ്പനികളുടെ ലാബില്‍ ശാസ്ത്രജ്ഞര്‍ മാത്രമല്ല, കുറേ കുരങ്ങുകളും അവധിയെടുക്കാതെ പ്രതിരോധ വാക്സിന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചൈനയിലെ വലിയ മരുന്നു കമ്പനികളില്‍ ഒന്നായ യിഷെങ് ബയോ ഫാര്‍മ സെപ്റ്റംബറോടെ വാക്സിന് ഉല്പാദനം ആരംഭിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്. ഇതിനായി ആഴ്ചാവസാനങ്ങളില്‍ അവധി പോലും എടുക്കാതെയാണ് ഗവേഷകര്‍ ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്.
എലികളിലും മുയലുകളിലും വാക്സിന് പരീക്ഷിച്ചെന്നും മികച്ച ഫലമാണ് ലഭിച്ചതെന്നും യിഷെങ് ബയോ ഫാര്‍മ ചെയര്മാന് ഷാങ് യി പറയുന്നു. അടുത്തഘട്ടം വാക്സിന് കുരങ്ങുകളില്‍ പരീക്ഷിക്കുക എന്നുള്ളതാണ്. എന്നാല്‍ കോവിഡിനെതിരെ ലോകം മുഴുവനുമുളള മരുന്നുകമ്പനികള്‍ വാക്സിന് പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുന്നതിനാല്‍ കുരങ്ങുകളിലെ വാക്സിന് പരീക്ഷണം ചെലവേറിയ ഒന്നായി മാറിയിരിക്കുകയാണെന്ന് ഷാങ് യി പറയുന്നു.
'ലാബുകളില്‍ കുരങ്ങുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ് വന്നുകൊണ്ടിരിക്കുന്നത്. സാധാരണഗതിയില്‍ ഒരു കുരങ്ങിന് 10,000 മുതല്‍ 20,000 യുവാന്‍ ഇടയിലാണ് ചെലവ് വരാറുള്ളത്. എന്നാല്‍ നിലവിലെ സവിശേഷ സാഹചര്യത്തില്‍ 100000 യുവാനാണ് ചെലവായത്.' റീസസ് കുരങ്ങ്, സിനോല്മോഗസ് എന്നീ വിഭാഗത്തില്‍ പെട്ട കുരങ്ങുകളെയാണ് മരുന്നുപരീക്ഷണത്തിനായി സാധാരണ ഉപയോഗിക്കുന്നത്.
വാക്സിന് ഗവേഷണത്തിനായി ഇതുവരെ മൂന്ന് മില്യണ്‍ ഡോളര്‍ ഇതുവരെ ചെലവിട്ടുകഴിഞ്ഞു. അടുത്ത മാസങ്ങളിലായി ഇതിന്റെ ഉല്പാദനം ആരംഭിക്കാനും ഈ വര്‍ഷം തന്നെ മരുന്ന് ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമുള്ള ശ്രമത്തിലാണ് യിഷെങ് ബയോഫാര്‍മ. മറ്റ് വാക്സിന് നിര്‍മാണത്തെ അപേക്ഷിച്ച് ഇതിന് ചെലവ് കൂടുതലാണ്.
മൃഗങ്ങളില്‍ വാക്സിന് പരീക്ഷണം പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള ക്ലിനിക്കല്‍ ട്രയലുകള്‍ക്കായി 180 മില്യണ്‍ ഡോളര്‍ ചെലവഴിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. 'ഞങ്ങള്‍ക്ക് 10 ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഉണ്ട്. ഒരു വര്‍ഷത്തില്‍ 500 മില്യണ്‍ ഡോസ് ഉല്പാദിപ്പിക്കാന് സാധിക്കും.' ഷാങ് യി പറയുന്നു.
ഒരു യുഎസ് കമ്പനിയുടെ സഹകരണത്തോടെ യുഎസ്, യൂറോപ്പ്, സിങ്കപ്പൂര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്താനാണ് കമ്പനിയുടെ തീരുമാനം. കോവിഡ് പ്രതിരോധ വാക്സിന് പരീക്ഷണത്തിനായി 13 ക്ലിനിക്കല്‍ ട്രയലുകളാണ് ലോകത്തുളളത്. ഇതില്‍ അഞ്ചെണ്ണം ചൈനയിലാണ്.
കോവിഡ് 19-നെതിരായ ആദ്യ പ്രതിരോധ വാക്സിന് ഉല്പാദിപ്പിക്കാനുള്ള മത്സരത്തിലാണ് തന്റെ എതിരാളികളെന്നും എന്നാല്‍ തന്റെ ലക്ഷ്യം അതല്ലെന്നും ഷാങ് പറയുന്നു.' ആര്‍ക്കാണ് ഏറ്റവും നല്ല ഫലം ലഭിക്കുന്നത്, ഗുണമേന്മയുള്ള വാക്സിന് നിര്‍മിക്കാന്‍ സാധിക്കുന്നത്, ഫലപ്രദമായ ഉല്പന്നം നിര്‍മിക്കാന്‍ സാധിക്കുന്നത് അതെല്ലാമാണ് യഥാര്‍ഥത്തില്‍ കണക്കാക്കേണ്ടത്. ഏറ്റവും ആദ്യം എന്നുള്ളത് ഒന്നും അര്‍ഥമാക്കുന്നില്ല.' ഷാങ് യി പറയുന്നു
Content Highlights:Vaccine race in China, Companies face Monkey shortage
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..