
പ്രതീകാത്മക ചിത്രം | Photo: Reuters
വാഷിങ്ടൺ: മൂന്നാം ഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കോവിഡ് വാക്സിൻ വിതരണം ഡിസംബർ മാസത്തോടെ അമേരിക്കയിൽ ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ. ഡിസംബർ പകുതിയോടെ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷൻ (യുഎസ് എഫ്ഡിഎ) വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസറിന്റെ ജർമൻ പങ്കാളിയായ ബയോൺടെക് മേധാവി യുഗുർ സാഹിൻ പറഞ്ഞു.
'എല്ലാം നല്ലനിലയിൽ മുന്നോട്ടുപോകുകയാണെങ്കിൽ ഡിസംബർ രണ്ടാം പകുതിയോടെ അനുമതി ലഭിക്കുമെന്ന് കരുതാം. അങ്ങനെയെങ്കിൽ ക്രിസ്മസിന് മുൻപായി വാക്സിൻ വിതരണം ആരംഭിക്കാൻ കഴിയും. പ്രതീക്ഷിക്കുന്നതുപോലെ എല്ലാം നല്ലനിലയിൽ മുന്നോട്ടുപോകുകയാണെങ്കിൽ മാത്രം', യുഗുർ സാഹിൻ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട്പറഞ്ഞു.
കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിനൊടുവിൽ നടത്തിയ അന്തിമ വിശകലനത്തിൽ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസർ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ദിവസങ്ങൾക്കകം അന്തിമ അനുമതി തേടി അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. വാക്സിൻ മുതിർന്നവർക്കടക്കം രോഗം ബാധിക്കുന്നത് തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി.
പരീക്ഷണത്തിൽ പങ്കാളികളായ 43,000 വൊളണ്ടിയർമാരിൽ 170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 162 പേർക്കും വാക്സിനെന്ന പേരിൽ മറ്റുവസ്തുവാണ് നൽകിയത്. വാക്സിനെടുത്ത എട്ടുപേർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. വാക്സിന്റെ കാര്യക്ഷമത 95 ശതമാനമാണെന്ന് ഇതോടെയാണ് വ്യക്തമായതെന്ന് ഫൈസർ പറയുന്നു.
അടിയന്തര ആവശ്യത്തിന് വാക്സിൻ ഉപയോഗിക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നോട്ടുവച്ച നിബന്ധനകൾ പാലിക്കാനും കഴിഞ്ഞിട്ടുണ്ട്. വാക്സിന്റെ കാര്യക്ഷമതയും സുരക്ഷിതത്വവും സംബന്ധിച്ച പരീക്ഷണങ്ങളിൽ ലഭിച്ച വിവരങ്ങളെല്ലാം ദിവസങ്ങൾക്കകം യുഎസ് എഫ്ഡിഎക്ക് സമർപ്പിക്കാനാണ് ഫൈസറിന്റെ നീക്കം. വാക്സിൻ നിർമിക്കുമ്പോൾ പുലർത്തുന്ന ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവരങ്ങളും അധികൃതർക്ക് കൈമാറും.
Content Highlights:Pfizer Vaccine Delivery Could Start 'Before Christmas, If All Goes Well'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..