വാഷിങ്ടണ്‍: ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിക്ക് ദീര്‍ഘകാലം പരിഹാരം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നത് മാത്രമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗചി. മഹാമാരിയെ നേരിടാന്‍ ആഭ്യന്തര തലത്തിലും ആഗോളതലത്തിലും കോവിഡ് വാക്‌സിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 

'വാക്‌സിനേഷനിലെ ഇത് അവസാനിക്കൂ. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദക രാജ്യമാണ് ഇന്ത്യ. അവര്‍ക്ക് അവരുടെ വിഭവങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഉള്ളില്‍ നിന്ന് മാത്രമല്ല. പുറത്ത് നിന്നും' ഫൗചി പറഞ്ഞു.എ.ബി.സി ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇന്ത്യക്കാര്‍ക്ക് സ്വന്തമായി വാക്‌സിന്‍ നിര്‍മിക്കുന്നതിനോ അല്ലെങ്കില്‍ വാക്‌സിനുകള്‍ സംഭാവന ചെയ്യാനോ സാധനങ്ങള്‍ എത്തിക്കുന്നത് മറ്റു രാജ്യങ്ങളെ സംബന്ധിച്ച്‌ പ്രധാനമാണ്. അതിനുള്ള ഒരു മാര്‍ഗം വാക്‌സിനുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള വന്‍കിട കമ്പനികളെ കണ്ടെത്തി അവരെ സമീപിക്കുക എന്നതാണ്.

ഒരുവര്‍ഷം മുമ്പ് ചൈന ചെയ്തത് പോലെ താത്കാലിക ഫീല്‍ഡ് ആശുപത്രികള്‍ ഇന്ത്യ ഉടന്‍ നിര്‍മിക്കേണ്ടതുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

ബെഡുകളില്ലാത്തതിന്റെ പേരില്‍ ആളുകളെ പുറത്താക്കാന്‍ പാടില്ല. ഓക്‌സിജന്റെ ലഭ്യത നിര്‍ണായകമായ ഒന്നാണ്. ആളുകള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാത്തത് ദാരുണമായ സംഭവമാണ്. അവിടെ ശരിക്കും എന്താണ് നടക്കുന്നതെന്നും ഡോ.ഫൗചി അഭിമുഖത്തിനിടെ ചോദിച്ചു.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടു. നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇതിനോടകം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുവെന്ന് താന്‍ മനസ്സിലാക്കുന്നു. വ്യാപനം തടയുന്നതിന്‌ രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ അനിവാര്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.