
അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി. Photo: AP
യു.എസ്-ഇറാന് സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ലോകം യുദ്ധഭീതിയിലാണ്. വാക്കുകള്‍ കൊണ്ടും ആയുധങ്ങള്‍ കൊണ്ടും പ്രകോപിപ്പിച്ചും ആക്രമിച്ചും തിരിച്ചടിച്ചും രണ്ടു രാജ്യങ്ങള്‍. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് അതിന്.
1953ല്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ മുഹമ്മദ് മുസാദിഖ് ഇറാനില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. എന്നാല്‍ മുഹമ്മദ് മുസാദിഖിനെ യു.എസ്-ബ്രിട്ടീഷ് ചാരസംഘടനകള്‍ ചേര്‍ന്ന് അട്ടിമറിച്ചു. ഇറാനിയന്‍ എണ്ണവിപണിയിലെ നിര്‍ണായക ശക്തികളായിരുന്നു അമേരിക്കയുടെയും ബ്രിട്ടന്റെയും എണ്ണക്കമ്പനികള്‍. ഇവയെ ദേശസാത്കരിക്കാനുള്ള മുസാദിഖിന്റെ തീരുമാനമാണ് അട്ടിമറിക്ക് പ്രധാനകാരണമായത്. മുസാദിഖിന് പിന്നാലെ മുഹമ്മദ് റേസാ പഹ്ലാവി അധികാരത്തിലെത്തി. അമേരിക്കയുമായി പഹ്ലാവിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുടെ പിന്നാലെ അദ്ദേഹത്തിന് രാജ്യം വിടേണ്ടി വന്നു.
1979 ഏപ്രില്‍ ഒന്നിന് ആയത്തുള്ള ഖൊമേയ്നിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് നിലവില്‍വന്നു. ഇതിനു പിന്നാലെ യു.എസും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആരംഭിക്കുന്നു. 1979ല്‍ യു.എസ്. ആദ്യമായി ഇറാനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നു. ഇതേവര്‍ഷം തന്നെ നവംബര്‍ മാസത്തില്‍ യു.എസ്. എംബസി ഇറാന് ഉപരോധിച്ചു. എംബസിയിലെ ഉദ്യോഗസ്ഥരെ 444 ദിവസം ബന്ദികളാക്കി. ബന്ദികളെ മോചിപ്പിക്കാന്‍ യു.എസ്. നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല.
- 1980ല്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം യു.എസ്. വിച്ഛേദിച്ചു. 1979ല്‍ യു.എസ്.എംബസിയില്‍ ബന്ദികളാക്കിയ ഉദ്യോഗസ്ഥരെ ഇറാന് മോചിപ്പിക്കുന്നത് 1981ലാണ്.
- 1988 ജൂലൈ മൂന്നിന് ഗള്‍ഫ് മേഖലയിലൂടെ പറക്കുകയായിരുന്ന ഇറാന്റെ യാത്രാവിമാനം യു.എസ്. യുദ്ധക്കപ്പല്‍ വെടിവെച്ചിട്ടു. വിമാനത്തിലുണ്ടായിരുന്ന 290 പേര് കൊല്ലപ്പെട്ടു.
- 1993- ലോക വ്യാപാരസംഘടനാ ആസ്ഥാനത്തു നടന്ന ബോംബാക്രമണത്തിനു പിന്നില്‍ ഇറാനെന്ന് യു.എസ്.
- 1995- ഇറാനു മേല്‍ യു.എസ്. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി.
- 2002- ഇറാന് ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ജോര്‍ജ് ബുഷ്. ഇറാനില്‍ രഹസ്യ ആണവ കേന്ദ്രങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
- 2005- മഹമൂദി അഹമ്മദി നെജാദ് ഇറാനിയന്‍ പ്രസിഡന്റായിരിക്കെ യുറേനിയം സമ്പുഷ്ടീകരണം പുനഃരാരംഭിച്ചു.
- 2006- ഇറാനെതിരായ ഉപരോധം യു.എസ്. ശക്തിപ്പെടുത്തി.
- 2013- അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഹസന് റൂഹാനിയും ടെലഫോണ്‍ സംഭാഷണം നടത്തി. 1979നു ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റും ഇറാന് നേതാവും ഫോണില്‍ സംസാരിക്കുന്നത് അന്ന് ആദ്യമായായിരുന്നു.
- 2015- ആണവ കരാറില്‍ ഇറാന് ഒപ്പിടുന്നു. യൂറോപ്യന്‍ യൂണിയന്,ചൈന,ഫ്രാന്‍സ്,റഷ്യ,യു.കെ, ജര്‍മനി,യു.എസ് എന്നിവരായിരുന്നു കരാറില്‍ ഉള്‍പ്പെട്ട മറ്റു രാജ്യങ്ങള്‍.
- 2018- ആണവക്കരാറില്‍നിന്ന് പിന്മാറുന്നുവെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏകപക്ഷീയമായാണ് അമേരിക്ക കരാറില്‍നിന്ന് പിന്മാറിയത്. ഇതിനു പിന്നാലെ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചു.
- 2019 മേയ്- സൗദി അറേബ്യയിയിലെ ആരാംകോ പൈപ്പ് ലൈനു നേരെ ആക്രമണം. പിന്നില്‍ ഇറാനെന്ന് യു.എസ്. ആരോപണം. ജൂണ്‍- യു.എസ്. ഡ്രോണ്‍ ഇറാന്റെ സൈന്യം വെടിവെച്ചിട്ടു. ജൂലായ്- യുറേനിയം സമ്പുഷ്ടീകരണ പരിധി ഇറാന് ലംഘിച്ചു.
- 2020 ജനുവരി മൂന്നിന് ഇറാന് മേജര്‍ ജനറല്‍ ഖാസിം സുലൈമാനി യു.എസ്. നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് സുലൈമാനിയെ വധിച്ചതെന്ന് പെന്റഗണിന്റെ സ്ഥിരീകരണം.
- 2020 ജനുവരി ഏഴ്- കാസിം സുലൈമാനിയുടെ ശവസംസ്കാരച്ചടങ്ങിനിടെ, പ്രതികാരം ചെയ്തിരിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിയുടെ പ്രഖ്യാപനം. അമേരിക്കന്‍ സൈനികരെ ഭീകരവാദികളെന്നും പെന്റഗണിനെ ഭീകരകേന്ദ്രമെന്നും ഇറാന് വിശേഷിപ്പിച്ചു.
- 2020 ജനുവരി എട്ട്: ഇറാഖിലെ രണ്ട് യു.എസ്. സൈനിക ക്യാമ്പുകള്‍ക്കു നേരെ ഇറാന്റെ ആക്രമണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..