പ്രതീകാത്മകചിത്രം| Photo: Mathrubhumi
ജീന്‍ തെറാപ്പിയിലൂടെ അന്ധതയ്ക്ക് പരിഹാരം കണ്ടെത്താന്‍ ദീര്‍ഘകാലമായി നടത്തി വന്ന പരീക്ഷണം വിജയിച്ചതായി റിപ്പോര്‍ട്ട്. റെറ്റിനൈറ്റിസ് പിഗ്മെന്റോസ(Retinitis Pigmentosa) മൂലം കാഴ്ച നഷ്ടപ്പെട്ട ഒരു രോഗിയ്ക്ക് ഒപ്റ്റോജെനിറ്റിക് തെറാപ്പിയിലൂടെ ഭാഗികമായി കാഴ്ചശക്തി തിരികെ ലഭിച്ചതായി നേച്ചര്‍ മെഡിസിനില്‍(Nature Medicine) പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണടയുടെ സഹായത്തോടെ രോഗിക്ക് വസ്തുക്കള്‍ തിരിച്ചറിയാനും സ്പര്‍ശിക്കാനും എണ്ണാനും സാധിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
ജനിതകവ്യതിയാനത്തിലൂടെ നാഡീകോശങ്ങളില്‍ പ്രകാശത്തിന്റെ ചില തരംഗദൈര്ഘ്യങ്ങള്ക്കനുസൃതമായുള്ള പ്രതികരണം സാധ്യമാക്കുകയാണ് ഒപ്റ്റോജെനിറ്റിക്സ്(Optogenetics)ലക്ഷ്യമിടുന്നത്. പ്രകാശത്തെ തിരിച്ചറിയുന്ന ഫോട്ടോറിസെപ്റ്റേഴ്സിന്റെ(photoreceptors)അഭാവമുണ്ടാകുന്നതോടെ പൂര്‍ണമായും അന്ധത ബാധിക്കുന്നവരില്‍ നാഡീകോശങ്ങളില്‍ സംവേദനം സൃഷ്ടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സംവേദനത്തിന് സഹായകമാകുന്ന വൈറസിനെ ശരീരത്തിലേക്ക് കടത്തി വിട്ടും പ്രകാശത്തിന്റെ സഹായത്താല്‍ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രത്യേകതരം കണ്ണട ഉപയോഗിച്ചുമുള്ള സംയുക്തമായ സമീപനമാണ് ഈ ചികിത്സാരീതിയിലുള്ളത്.
മൃഗങ്ങളില്‍ ഒപ്റ്റോജെനിറ്റിക്സ് പരീക്ഷണം നടത്തി വിജയിച്ച ശേഷമാണ് മനുഷ്യരിലെ പരീക്ഷണത്തിന് ശാസ്ത്രജ്ഞര്‍ തയ്യാറെടുത്തത്. ചുവപ്പു കലര്‍ന്ന മഞ്ഞ വെളിച്ചത്തോട്(amber light) പ്രതികരിക്കുന്നതും നേത്രങ്ങള്‍ക്ക് യോജിച്ചതുമായി ഒരു മാംസ്യത്തെ(പ്രോട്ടീന്‍)വൈറസിന്റെ സഹായത്തോടെ നാഡീകേന്ദ്രങ്ങളിലെ കോശങ്ങളിലേക്ക്(ganglion cells)കടത്തി വിട്ടു. ഈ കോശങ്ങള്‍ക്ക് അംബര്‍ ലൈറ്റിനെ തിരിച്ചറിയാനുള്ള സൂചന ലഭിക്കാനുള്ള പ്രത്യേകഉപകരണവും ശാസ്ത്രജ്ഞര്‍ രൂപപ്പെടുത്തി. സെക്കന്‍ഡില്‍ ആയിരക്കണക്കിന് മടങ്ങ് വേഗത്തില്‍ കാഴ്ചയെ നിരൂപിക്കാനും കണ്ണിലേക്ക് പ്രകാശത്തിന്റെ സ്ഫുരണമെത്തിച്ച് തലച്ചോറില്‍ വസ്തുവിന്റെ പ്രതിബിംബം സൃഷ്ടിക്കാനും ഒപ്റ്റോജെനിറ്റിക്സിലുപയോഗിക്കുന്ന കണ്ണട സഹായിക്കും.
2015 ലും സമാനമായ മറ്റൊരു പരീക്ഷണം ശാസ്ത്രജ്ഞര്‍ നടത്തിയിരുന്നു. പാരമ്പര്യനേത്രരോഗങ്ങള് മൂലം കാഴ്ച നഷ്ടപ്പെടുന്നവര്‍ക്ക് അത് തിരികെ ലഭിക്കാനുള്ള പരീക്ഷണമായിരുന്നു അത്. ആ പരീക്ഷണം വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2000 ന്റെ ആദ്യകാലത്ത് ഇതേ രീതിയില്‍ മാംസ്യത്തിന്റെ സഹായത്തോടെ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്ന പരീക്ഷണം എലികളില്‍ നടത്തിയിരുന്നു. ഒപ്റ്റോജെനിറ്റിക്സില് നാഡീകോശങ്ങളുടെ ഉത്തേജനത്തിനായി ഉപയോഗിക്കുന്ന മാംസ്യം ആല്‍ഗയില്‍ നിന്നും മറ്റു സൂക്ഷ്മജീവികളില്‍ നിന്നുമാണ് നിര്‍മിക്കുന്നത്.
Content Highlights: Using gene therapy scientists restore partial vision in a blind patient
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..