അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍ ഭയത്തില്‍ മുങ്ങുന്ന അഫ്ഗാനിസ്താന്‍


സിസി ജേക്കബ്

Photo: Reuters

പുരുഷന്‍മാര്‍ ഉണ്ടാക്കുന്ന യുദ്ധത്തിന്റെ ഇരകളാണ് സ്ത്രീകള്‍. അവരുണ്ടാക്കുന്ന സമാധാന ഉടമ്പടികളുടെ ഇരകളും സ്ത്രീകള്‍തന്നെ. അഫ്ഗാനിസ്താനില്‍ ഇപ്പോള്‍ ഇതാണ് സ്ഥിതി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ടയുദ്ധം അവസാനിപ്പിച്ച് അവര്‍ അഫ്ഗാനിസ്താന്‍ വിടുകയാണ്. അതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ന്യൂയോര്‍ക്കിലെ ലോകവ്യാപാര സമുച്ചയം അല്‍ ഖായ്ദ ഭീകരര്‍ വിമാനമിടിച്ചുകയറ്റി തകര്‍ത്തതിന്റെ ഇരുപതാം വാര്‍ഷികമായ സെപ്റ്റംബര്‍ 11-നുമുമ്പ് അവസാനത്തെ അമേരിക്കന്‍ സൈനികനെയും അഫ്ഗാനിസ്താനില്‍നിന്ന് പിന്‍വലിക്കുമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ വാക്ക്.
20 വര്‍ഷം കുടിപാര്‍ത്തുള്ള യുദ്ധം അവസാനിപ്പിച്ച് അവര്‍ പോകുമ്പോള്‍ അഫ്ഗാനിസ്താനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം ഇരുട്ടിലാവും. കാരണം, താലിബാന്‍ അഫ്ഗാനിസ്താനില്‍ പിടിമുറുക്കുകയാണ്. മുമ്പത്തെപ്പോലെ പഠിക്കാനോ തൊഴില്‍ ചെയ്യാനോ സ്ത്രീകള്‍ക്കു കഴിയില്ല എന്നാണ് അതിനര്‍ഥം. കാബൂളിലെ സായെദ് അല്‍ ശുഹാദ് സ്‌കൂള്‍ കവാടത്തിലുണ്ടായ സ്ഫോടനവും തുടര്‍സംഭവങ്ങളും പറയുന്നതും അതുതന്നെ.
മേയ് എട്ടിനാണ് സായെദ് അല്‍ ശുഹാദ് സ്‌കൂള്‍ കവാടത്തില്‍ കാര്‍ ബോംബ് പൊട്ടിത്തെറിച്ചത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഷിഫ്റ്റുണ്ട് ഈ സ്‌കൂളില്‍. പഠനസമയം കഴിഞ്ഞ് പെണ്‍കുട്ടികള്‍ പുറത്തേക്കു വരുമ്പോഴായിരുന്നു സ്ഫോടനം. 85 പേരാണ് കൊല്ലപ്പെട്ടത്. ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും ലക്ഷ്യം സ്ത്രീകളെ ഭയപ്പെടുത്തി വീട്ടിലിരുത്തുകയാണെന്നു വ്യക്തം.
അമേരിക്ക വരുന്നു
സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ആസൂത്രകനായ അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദനെ പിടിക്കാനായിരുന്നു അമേരിക്കയുടെ അഫ്ഗാനിസ്താന്‍ അധിനിവേശം. ആക്രമണത്തിന്റെ പതിനഞ്ചാം നാള്‍ 2001 സെപ്റ്റംബര്‍ 26-ന് കാബൂളിനടുത്തുള്ള പഞ്ചശേര്‍ വാലിയില്‍ ബോംബിട്ടുകൊണ്ട് അമേരിക്ക ലാദന്‍ വേട്ട തുടങ്ങി. അല്‍ ഖായിദയ്ക്കും ലാദനും സംരക്ഷണം നല്‍കിയിരുന്ന താലിബാന്‍ ഭരണകൂടത്തെ അധികാരത്തില്‍നിന്നു പുറത്താക്കി. ജനപ്രതിനിധികളുള്‍പ്പെട്ട സര്‍ക്കാരിനെ അധികാരത്തിലേറ്റി. യുദ്ധത്തിന്റെ പത്താംകൊല്ലം പാകിസ്താനിലെ ആബട്ടാബാദിലെ ഒളിയിടത്തില്‍ക്കടന്ന് യു.എസ്. മറീനുകള്‍ ലാദനെ വധിച്ചു. അല്‍ ഖായിദ ക്ഷയിച്ചു. പക്ഷേ, അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്ക തിരിച്ചുപോയില്ല. ജനാധിപത്യഭരണവും രാഷ്ട്രീയസ്ഥിരതയും സമാധാനവും ഉറപ്പുവരുത്താനെന്നു പറഞ്ഞ് തുടര്‍ന്നു. താലിബാന്‍ അവരുടെ ആക്രമണങ്ങളും.
ഇരുപതുകൊല്ലത്തിനിടെ 2,300 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടു. ഇരുപതിനായിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയോ അംഗഭംഗമുണ്ടാവുകയോ ചെയ്തു. 40,000 സാധാരണക്കാരും മരിച്ചു. യുദ്ധത്തിനായി അമേരിക്ക രണ്ടുലക്ഷം കോടി ഡോളര്‍ ചെലവാക്കി. എന്തുപ്രയോജനം എന്ന ആലോചനയാണ് അഫ്ഗാനിസ്താനില്‍നിന്ന് ഉപാധികളില്ലാതെ പിന്‍മാറാന്‍ ബൈഡനെ പ്രേരിപ്പിച്ചത്. അദ്ദേഹത്തെ സംബന്ധിച്ച് 'അഫ്ഗാനിസ്താനിലെ അമേരിക്കയുടെ മുഖ്യ ലക്ഷ്യം നേടി; ലാദനെ വധിച്ചു. അഫ്ഗാനിസ്താനെ ഭീകരരുടെ സുരക്ഷിതതാവളമല്ലാതാക്കി മാറ്റി. ഇനി അമേരിക്കന്‍ സൈനികരുടെ ചോര അവിടെ വീഴ്ത്തേണ്ടതില്ല.'
താലിബാന്‍ ഉണരുന്നു
ലാദന്‍ വേട്ടയുടെ മൂര്‍ധന്യത്തില്‍ ഒരുലക്ഷം യു.എസ്. സൈനികരുണ്ടായിരുന്നു അഫ്ഗാനിസ്താനില്‍. നേറ്റോ സഖ്യസൈനികര്‍ വേറെ. ഈ മാസം പിന്മാറ്റം തുടങ്ങിയപ്പോള്‍ അമേരിക്കയുടെ 2,500-ഉം നേറ്റോയുടെ 8000-ഉം സൈനികരുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്ക സൈനികരെ പിന്‍വലിക്കുന്നതിനൊപ്പം നേറ്റോയുടെ സൈന്യവും അഫ്ഗാനിസ്താന്‍ വിടുകയാണ്. താലിബാനെ പുറത്താക്കി ആദ്യം ഹമീദ് കര്‍സായിയുടെ സര്‍ക്കാര്‍ അഫ്ഗാനിസ്താന്‍ ഭരിച്ചു. ഇപ്പോള്‍ അഷറഫ് ഘനി സര്‍ക്കാരും.
ഈ ഭരണത്തിനും വിദേശസൈനിക സാന്നിധ്യത്തിനുമിടെ താലിബാന്‍ വളരുകയായിരുന്നു. 2001-ല്‍ അധികാരത്തില്‍നിന്നു പുറത്താകുമ്പോള്‍ ഉണ്ടായിരുന്നതിനെക്കാളേറെ ഭൂപ്രദേശങ്ങള്‍ ഇന്ന് താലിബാന്റെ നിയന്ത്രണത്തിലുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള ഡിഫെന്‍സ് ഓഫ് ഡെമോക്രസീസിന്റെ 'ലോങ് വാര്‍ ജേണലി'ന്റെ റിപ്പോര്‍ട്ടനുസരിച്ച് അഫ്ഗാനിസ്താനിലെ 325 ജില്ലകളില്‍ 76 എണ്ണം താലിബാന്റെ നിയന്ത്രണത്തിലാണ്. 127 എണ്ണം പൂര്‍ണമായി സര്‍ക്കാര്‍ സൈന്യത്തിന്റെ കൈയിലും. ബാക്കിയുള്ളവ ആരുടെ പക്കലെന്നകാര്യത്തില്‍ തര്‍ക്കമുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളപ്പോഴും പല പ്രദേശങ്ങളിലെയും റോഡുകള്‍ താലിബാന്റെ കൈയിലാണ്. അവരറിയാതെ പോക്കുവരവ് സാധ്യമല്ല. ലക്ഷ്യം പൂര്‍ത്തിയാക്കിയിട്ടും എല്ലാം ശരിയാക്കാന്‍ 20 കൊല്ലം തുടര്‍ന്ന അമേരിക്കയുടെ കണ്‍മുന്നിലായിരുന്നു ഈ വളര്‍ച്ച.
ഇതു കണക്കിലെടുത്താണ് താലിബാനുമായി സമാധാന ഉടമ്പടിയുണ്ടാക്കി അഫ്ഗാനിസ്താനില്‍നിന്ന് പുറത്തുകടക്കുക എന്ന വിചിത്രമായ തീരുമാനം മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെടുത്തത്. ആ ഉടമ്പടി പ്രകാരം മേയ് ഒന്നിനായിരുന്നു അമേരിക്കന്‍ സൈന്യം അവിടം വിടേണ്ടിയിരുന്നത്. എന്നാല്‍, വീണ്ടും തലപൊക്കുന്ന അല്‍ ഖായിദയുമായുള്ള സഖ്യം വെടിയുക, ഇസ്ലാമിക് സ്റ്റേറ്റ്, ഹഖാനി ശൃംഖല തുടങ്ങിയവയെ നിയന്ത്രിക്കുക, അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ചനടത്തി രാഷ്ട്രീയപരിഹാരമുണ്ടാക്കുക എന്നീ ഉപാധികളോടെയായിരുന്നു സമാധാന ഉടമ്പടി. ഇവയൊന്നും താലിബാന്‍ സാധ്യമാക്കിയില്ല. അല്‍ ഖായിദ ഇപ്പോഴും താലിബാനുമായിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 24-ന് തുടര്‍ക്കിയില്‍ നടക്കേണ്ടിയിരുന്ന തുടര്‍ സമാധാനചര്‍ച്ചയില്‍നിന്ന് താലിബാന്‍ പിന്‍മാറി. രാഷ്ട്രീയപരിഹാരം കണ്ടെത്തുന്നതിന് ശ്രമിക്കാമെന്ന് ബൈഡന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടും അവര്‍ വഴങ്ങിയില്ല.
മേയ് ഒന്നിന് അമേരിക്കന്‍ സൈന്യം ഒഴിഞ്ഞുപോയില്ല എന്ന കാരണം പറഞ്ഞാണ് ഇപ്പോള്‍ താലിബാന്റെ ആക്രമണം. വാഗ്ദാനലംഘനത്തിലൂടെ അമേരിക്ക ഇപ്പോഴത്തെ ആക്രമണങ്ങള്‍ക്കുള്ള വഴിതുറന്നു എന്ന വാദമാണ് അവര്‍ക്ക്. സെപ്റ്റംബര്‍ 11-നുമുമ്പ് പിന്‍മാറുമെന്ന ബൈഡന്റെ വാക്ക് അവര്‍ ഗൗനിക്കുന്നില്ല. ആക്രമണങ്ങള്‍ക്ക് ഉത്തരവാദി അമേരിക്കയാണെന്നും 'ഇസ്ലാമിക് എമിറേറ്റ്' അല്ലെന്നും താലിബാന്‍ പ്രസ്താവനിച്ചു. 1996 മുതല്‍ 2001 വരെ അധികാരത്തിലിരുന്നപ്പോള്‍ താലിബാന്‍ അഫ്ഗാനിസ്താനു നല്‍കിയ പേരാണ് 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍.' ആ പേര് വീണ്ടും പ്രയോഗിക്കുന്നതിനര്‍ഥം അഫ്ഗാനിസ്താന്റെ അധികാരികളായി താലിബാന്‍ വീണ്ടും സ്വയം പ്രതിഷ്ഠിക്കുന്നു എന്നാണ്.
സ്വാതന്ത്ര്യം ശ്വസിച്ചവര്‍ ഇനി എന്തു ചെയ്യും?
താലിബാന്‍ അധികാരംപിടിച്ചാല്‍ സ്ത്രീജീവിതം വര്‍ഷങ്ങള്‍ പിന്നോട്ടു പോകുമെന്നാണ് യു.എസ്. നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍മാത്രം 78 കോടി ഡോളറിലേറെ അമേരിക്ക അഫ്ഗാനിസ്താനില്‍ ചെലവിട്ടു. പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തി. സ്ത്രീകള്‍ ജോലിക്കുപോയി. ഇന്ന് അവിടത്തെ വിദ്യാര്‍ഥികളില്‍ 40 ശതമാനം പെണ്‍കുട്ടികളും സ്ത്രീകളുമാണ്. അവര്‍ പോലീസിലും പട്ടാളത്തിലും ചേരുന്നു. ഒളിമ്പിക്സില്‍ മത്സരിച്ചു. 2018-ല്‍ അഫ്ഗാന്‍ പോലീസില്‍ 3,231-ഉം വ്യോമസേനയിലുള്‍പ്പെടെ സൈന്യത്തില്‍ 1,312-ഉം ആണ് സ്ത്രീസാന്നിധ്യം. ഇന്ന് സിവില്‍ സര്‍വീസില്‍ 21 ശതമാനം സ്ത്രീകളുണ്ട്. പാര്‍ലമെന്റില്‍ 27 ശതമാനവും. എന്തിന്, താലിബാനുമായി നടന്ന ചര്‍ച്ചകളില്‍പോലും സ്ത്രീ സാന്നിധ്യമുണ്ടായിരുന്നു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കണമോ എന്ന ആലോചന നടക്കുകയാണ്. അവരെ തുടര്‍ന്നു പഠിപ്പിക്കണോ എന്നാലോചിക്കുകയാണ് രക്ഷിതാക്കള്‍. അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ അവകാശത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന ബൈഡന്റെ വാക്കില്‍ അവര്‍ക്കു വിശ്വാസമില്ല. ഇനി അഫ്ഗാനിസ്താന്‍ ആരു ഭരിച്ചാലും സര്‍ക്കാര്‍മേഖലയിലെ 30 ശതമാനം അവസരങ്ങള്‍ സ്ത്രീകള്‍ക്ക് നീക്കിവെക്കുമെന്ന് ഉറപ്പാക്കണമെന്നാണ് പാര്‍ലമെന്റംഗം ഫൗസിയ കൂഫി ഐക്യരാഷ്ട്രസഭയോടും അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും അഭ്യര്‍ഥിച്ചത്. അതിനു തയ്യാറാകുന്നെങ്കില്‍ മാത്രമേ അഫ്ഗാനിസ്താന് സഹായങ്ങള്‍ നല്‍കാവൂ എന്ന് അവര്‍ ആവശ്യപ്പെട്ടു. അത് ആരും കേട്ട മട്ടില്ല.
അധികാരത്തിലെത്തിയാല്‍ പഠിക്കാനും ജോലിക്കുപോകാനും സ്ത്രീകളെ അനുവദിക്കുമെന്നാണ് താലിബാന്‍ പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ അങ്ങനെയല്ല. പലയിടത്തും വിദ്യാഭ്യാസസ്ഥാപനങ്ങളേയില്ല. ചിലയിടത്ത് ആര്‍ത്തവമെത്തുംവരെ പെണ്‍കുട്ടികളെ പഠിപ്പിക്കും. അതുകഴിഞ്ഞാല്‍ ഇല്ല. ഇത്തരം സ്ഥലങ്ങളില്‍നിന്ന് വിദ്യാഭ്യാസത്തിനായി മാത്രം സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളിലേക്ക് പലായനം ചെയ്ത പെണ്‍കുട്ടികള്‍ ഏറെയാണ്. ഇവിടങ്ങളിലെ ചില സ്‌കൂളുകളിലും താലിബാന്‍ ഇടപെടുന്നുവെന്നാണ് 'ന്യൂയോര്‍ക്ക് ടൈംസി'ന്റെ റിപ്പോര്‍ട്ട്. ചരിത്രവും സാമൂഹികശാസ്ത്രവും പാഠ്യപദ്ധതിയില്‍നിന്നു നീക്കി താലിബാന്‍ വീണ്ടും മതപഠനം അടിച്ചേല്‍പ്പിക്കുന്നു. വനിതാ അധ്യാപകരെയും 12 വയസ്സുകഴിഞ്ഞ പെണ്‍കുട്ടികളെയും സ്‌കൂളുകളില്‍നിന്ന് പുറത്താക്കുന്നു.
വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ ബൈഡന്‍
മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കാന്‍ സമയമായിട്ടില്ല എന്ന പെന്റഗണിന്റെ വാക്കു കണക്കിലെടുക്കാതെയാണ് ബൈഡന്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷത്തും ഭരണപക്ഷത്തും നിന്ന് വിമര്‍ശനമുയരുന്നുണ്ട്. ചക്രവ്യൂഹത്തില്‍പ്പെട്ട അവസ്ഥയില്‍ക്കഴിയുന്ന അമേരിക്കയെ അഫ്ഗാനിസ്താനില്‍ നിന്നു പറത്തുകടത്താന്‍ ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയിലെ അംഗവും എട്ടുകൊല്ലം വൈസ് പ്രസിഡന്റുമായിരുന്ന ബൈഡന് അറിയാം. അതുകൊണ്ടാണ് അഫ്ഗാനിസ്താനെ സ്ഥിരതയുള്ള ജനാധിപത്യരാജ്യമാക്കാന്‍ അമേരിക്കന്‍ സൈന്യം ഇനിയുമവിടെ തുടരണമെന്ന വാദത്തിന് ന്യായീകരണമില്ല എന്ന് അദ്ദേഹം പറഞ്ഞത്.
അമേരിക്കയെ സംബന്ധിച്ച് അഫ്ഗാനിസ്താനിലേതിനെക്കാള്‍ ശ്രദ്ധയാവശ്യം പശ്ചിമേഷ്യയിലാണ്. അതിനെക്കാളുപരി പസഫിക് മേഖലയില്‍ ചൈനയുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കൂടുതല്‍ ശ്രദ്ധയും വിഭവങ്ങളും വേണം. ദാരിദ്യം, വംശീയ അസമത്വം, കോവിഡ് പോലുള്ള പുതുരോഗങ്ങള്‍ ഇവയെ നേരിടാന്‍ ആളും അര്‍ഥവും വേണം. പുത്തന്‍ സാങ്കേതിവിദ്യകള്‍ക്കായി പണംമുടക്കണം. അങ്ങനെവരുമ്പോള്‍ അഫ്ഗാനിസ്താനെ കൈവെടിയുന്നതാണ് ലാഭം. അഫ്ഗാന്‍ മണ്ണില്‍ പട്ടാളത്തെ നിര്‍ത്തില്ലെങ്കിലും സാഹായപദ്ധതികള്‍ തുടരുമെന്നാണ് അമേരിക്കയുടെ നിലപാട്.
അയല്‍ക്കാരുടെ ആകുലതകള്‍
പാകിസ്താന്‍ പോറ്റിവളര്‍ത്തിയ പല ഭീകരസംഘങ്ങളിലൊന്നാണ് താലിബാന്‍. അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്ക പുറത്താക്കിയപ്പോള്‍ താലിബാന്‍ അഭയംപ്രാപിച്ചത് പാകിസ്താനിലാണ്. ട്രംപ് സര്‍ക്കാരുമായി കരാറുണ്ടാക്കാന്‍ താലിബാനെ നിര്‍ബന്ധിച്ചത് പാകിസ്താനാണ്. താലിബാന്‍ വീണ്ടും അധികാരത്തില്‍ വരികയെന്നാല്‍, അയല്‍പക്കത്ത് സുഹൃത്തിനെക്കിട്ടിയ സന്തോഷമാകും പാക് സൈന്യത്തിന്. കര്‍സായി, ഘനി സര്‍ക്കാരുകള്‍ പാകിസ്താനുമായല്ല, ഇന്ത്യയുമായാണ് അടുപ്പം കാട്ടിയിരുന്നത്.
ഇപ്പോഴത്തെ സ്ഥിതിനോക്കുമ്പോള്‍ അഫ്ഗാനിസ്താന്റെ പോക്ക് ആഭ്യന്തരയുദ്ധത്തിലേക്ക്. സര്‍ക്കാര്‍ സൈന്യവും താലിബാനുമായി സംഘര്‍ഷം കനത്ത് ആഭ്യന്തരയുദ്ധം തുടങ്ങിയാല്‍ പാകിസ്താനിലേക്കാവും അഭയാര്‍ഥിപ്രവാഹമുണ്ടാവുക. ആദ്യ അഫ്ഗാന്‍ യുദ്ധത്തില്‍ അതു കണ്ടതാണ്. കടത്തില്‍മുങ്ങിയ പാകിസ്താന് ഇത്തരമൊരുസ്ഥിതിവിശേഷം താങ്ങാനാവില്ല.
അഫ്ഗാനിസ്താനിലെ ജനാധിപത്യ പുനഃസ്ഥാപനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും കാര്യമായി പ്രയത്നിച്ച ഇന്ത്യയെ സമാധാനചര്‍ച്ചകളില്‍ ട്രംപ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. ബൈഡന്‍ സര്‍ക്കാര്‍ വന്നപ്പോള്‍ ഇതില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ പ്രതീക്ഷിച്ചു. പക്ഷേ, കാര്യങ്ങള്‍ ഇങ്ങനെയായി. അഫ്ഗാനിസ്താന്‍ കൂടുതല്‍ അസ്ഥിരമാകുമ്പോള്‍ ഇന്ത്യയെ ലാക്കാക്കുന്ന ഭീകരസംഘടനകള്‍ പാകിസ്താനില്‍നിന്ന് അവിടേക്ക് ചുവടുമാറ്റി സുരക്ഷിതരാകാനുള്ള സാധ്യതയേറെയാണ്.
Content Highlights: US withdrawal from Afghanistan raises concerns over safety of women and children

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented