വാഷിംഗ്ടണ്‍: തീവ്രവാദികളെ സഹായിക്കുന്ന നിലപാട് തുടരുകയാണെങ്കില്‍ പാകിസ്താനുള്ള എല്ലാ സഹായവും അവസാനിപ്പിക്കുമെന്ന് യു.എന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ.

ഇതുവരെ ഇരുതോണിയിലും കാല് വെച്ചായിരുന്നു പാകിസ്താന്റെ പോക്ക്. അമേരിക്കയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോഴും തീവ്രവാദികളെ അവര്‍ സഹായിച്ചു. ഈ കളി ഇനി അമേരിക്ക അനുവദിക്കില്ല. അവര്‍ വ്യക്തമാക്കി.

പാകിസ്താനെ കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ട്രംപ് നിശിതമായി വിമര്‍ശിച്ചിരുന്നു.

പാകിസ്താന് ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി സഹായധനം നല്‍കി യു.എസ്. സ്വയം വിഡ്ഢിയാകുകയായിരുന്നുവെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. പുതുവര്‍ഷത്തിലെ അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റായിരുന്നു ഇത്. 2002 മുതല്‍ 3300 കോടി ഡോളറാണ് (2.09 ലക്ഷം കോടി രൂപ) പാകിസ്താന് അമേരിക്ക നല്‍കിയത്. പാകിസ്താന്‍ തിരികെ തന്നത് കള്ളവും വഞ്ചനയുമാണെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അഫ്ഗാനിസ്താനില്‍ യു.എസ്. ലക്ഷ്യമിടുന്ന ഭീകരര്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളമൊരുക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇതിന് ശേഷം പാകിസ്താന് നല്‍കാനുള്ള 255 മില്യണ്‍ ഡോളര്‍ സഹായം യുഎസ് നിഷേധിച്ചിരുന്നു.

എന്നാല്‍ അമേരിക്കയുടെ പ്രസ്താവനകളെ കടുത്ത ഭാഷയിലാണ് പാകിസ്താനും വിമര്‍ശിച്ചത്. ട്രംപിന്റെ ഭീഷണിയെ വിമര്‍ശിക്കുകയും പാകിസ്താനിലെ യു.എസ്. സ്ഥാനപതി ഡേവിഡ് ഹെയ്ലിനെ പാക് വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച രാത്രി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.