നാൻസി പെലോസി | ഫോട്ടോ: എ.പി.
ബെയ്ജിങ്: യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട ചൈനയുടെ താല്പര്യങ്ങള്ക്ക് തുരങ്കംവെക്കുന്നതിലുള്ള ഉത്തരവാദിത്വം യുഎസ് ഏറ്റെടുക്കുകയും അതിനുള്ള വിലനല്കുകയും ചെയ്യേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് പറഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന നാന്‍സി പെലോസി, ചൊവ്വാഴ്ച മലേഷ്യ സന്ദർശിച്ച ശേഷം ഇവിടെനിന്ന് തായ്വാനിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്വാനില് യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ സന്ദര്‍ശനം നടത്തുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം.
പെലോസിയുടെ തായ്വാന് സന്ദര്‍ശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്ന് യുഎന്നിലെ ചൈനീസ് അംബാസിഡര്‍ ഷാങ് ഹുന്‍ പറഞ്ഞു. തായ്വാനില് അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പെലോസിക്ക് ഇഷ്ടമുള്ള രാജ്യം സന്ദർശിക്കാന്‍ അവകാശമുണ്ടെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. യുഎസിന്റെ ദീര്‍ഘകാല നയങ്ങള്‍ പ്രകാരമുള്ള ഇത്തരമൊരു സന്ദര്‍ശനത്തെ ഒരു സംഘര്‍ഷാവസ്ഥയിലേക്ക് കൊണ്ടുപോകേണ്ട കാര്യം ചൈനക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിങ്കപുര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം നാന്‍സി പെലോസി തായ്വാനിലെത്തുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സന്ദര്‍ശനം നടന്നാല്‍ 25 വര്‍ഷത്തിനിടെ തയ്വാന് സന്ദശിക്കുന്ന ആദ്യ ഉന്നത യു.എസ്. പ്രതിനിധിയാകും പെലോസി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..