വാഷിങ്ടണ്‍: കശ്മീരുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളില്‍ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് അമേരിക്ക. മേഖലയിലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അമേരിക്ക അറിയിച്ചു. അതേസമയം ഭീകരര്‍ അതിര്‍ത്തി നുഴഞ്ഞുകയറാന്‍ അവസരം ഒരുക്കരുതെന്നും ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പാകിസ്താന് അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കശ്മീരുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന്റെ പ്രത്യാഘാതങ്ങളും അത് മേഖലയിലുണ്ടാക്കിയേക്കാവുന്ന അസന്തുലിതാവസ്ഥയും തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. വിഷയത്തില്‍ ഇത് രണ്ടാം തവണയാണ് അമേരിക്ക പ്രസ്താവന നടത്തുന്നത്. 

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മുന്‍കൂട്ടി ഇന്ത്യ അറിയിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തള്ളിക്കളഞ്ഞു. ബാങ്കോക്കില്‍ നടന്ന കിഴക്കന്‍ ഏഷ്യന്‍ ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയ്ക്ക് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരുന്നുവെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മാത്രമല്ല പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കയിലെ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും  മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു.

Content Highlights:  State Department spokesperson said that "the US calls for calm and restraint by all parties".