വാഷിങ്ടണ്‍: യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വിയറ്റ്‌നാം യാത്ര ഹവാന സിന്‍ഡ്രോം 'ഭീഷണി'യെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം വൈകി. ഹാനോയിലെ യു.എസ്. എംബസി ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റിന്റെ യാത്ര വൈകിയതെന്ന് വിയറ്റ്‌നാമിലെ യു.എസ്. എംബസി വൃത്തങ്ങള്‍ അറിയിച്ചു. 

ഒരാഴ്ചക്കിടെ ഹനോയിലെ രണ്ട് യു.എസ്. എംബസി ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം ലക്ഷണങ്ങള്‍ കണ്ടെത്തിയതായി എന്‍.ബി.സി. ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി വിയറ്റ്‌നാമില്‍നിന്ന് ഉടനെ മാറ്റുമെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. എംബസിയില്‍നിന്ന് ലഭിച്ച അറിയിപ്പിനെ തുടര്‍ന്നാണ് സിംഗപ്പുരില്‍നിന്ന് വിയറ്റ്‌നാമിലേക്കുള്ള  കമല ഹാരിസിന്റെ യാത്ര വൈകിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യു.എസ്. എംബസികളിലേയും കോണ്‍സുലേറ്റുകളിലേയും ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം എന്ന അജ്ഞാതരോഗം പിടിപെട്ടിട്ടുണ്ട്. കാരണങ്ങള്‍ അജ്ഞാതമായ ഈ നിഗൂഢരോഗം യു.എസ്. ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള രഹസ്യാക്രമണമായാണ് വിവക്ഷിക്കപ്പെടുന്നത്. ക്യൂബന്‍ തലസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന യു.എസ്. പ്രതിനിധി ഉദ്യോഗസ്ഥരില്‍ 2016-ല്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചതിനാലാണ് ഇതിന് ഹവാന സിന്‍ഡ്രോമെന്ന പേര് നല്‍കിയത്. 

തലചുറ്റല്‍, തലവേദന, കേള്‍വിക്കുറവ്, ഓര്‍മശക്തിക്കുണ്ടാകുന്ന പിഴവ് തുടങ്ങി മാനസികനില തകരാറിലാക്കുന്ന വിവിധ ലക്ഷണങ്ങളാണ് ഹവാന സിന്‍ഡ്രോമിനുള്ളത്. ലക്ഷണങ്ങള്‍ തീവ്രമാകുന്നതോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ മിക്ക ഉദ്യോഗസ്ഥരും സ്വമേധയാ വിരമിക്കുകയാണ് പതിവ്. യു.എസ്. നയതന്ത്രഉദ്യോഗസ്ഥര്‍, ചാരന്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഈ അജ്ഞാതരോഗം പിടിപെടുന്നത്. വൈറ്റ് ഹൗസിലെ ചില ഉദ്യോഗസ്ഥരിലും ഈ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 

ചൈന, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 200-ഓളം യു.എസ്. ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസ്. ഉദ്യോഗസ്ഥരില്‍ മാത്രം രോഗലക്ഷണങ്ങള്‍ കണ്ടു വരുന്നതിനാല്‍ ഈ അജ്ഞാതരോഗത്തിന് പിന്നില്‍ റഷ്യയോ ചൈനയോ ആണെന്ന് യുഎസ് ആരോപിക്കുന്നു. രോഗത്തിന് പിന്നില്‍ കൃത്യമായ ആവൃത്തിയില്‍ പുറപ്പെടുവിക്കുന്ന വൈദ്യുതകാന്ത തരംഗങ്ങളാണെന്നുള്ള ഒരു അന്വേഷണറിപ്പോര്‍ട്ടും 2020 ഡിസംബറില്‍ പുറത്തു വന്നിരുന്നു.

Content Highlights: US Vice President Kamala Harris Delays Vietnam Trip After Possible Havana Syndrome Incident