വാഷിങ്ടണ്‍ ഡി.സി: യു.എസ് ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 161 ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് തിരികെ അയക്കുന്നു. മെക്‌സിക്കോ വഴി നിയമവിരുദ്ധമായി അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും. എല്ലാ നിയമനടപടികളും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് 161 പേരേയും ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നത്.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ ഈ ആഴ്ചയോടെ പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറിലേക്കെത്തിക്കും. നാടുകടത്തുന്നവരില്‍ 76 പേര്‍ ഹരിയാണ സ്വദേശികളാണ്. കേരളത്തില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് പുറമേ പഞ്ചാബ് (56), ഗുജറാത്ത് (12), ഉത്തര്‍പ്രദേശ് (അഞ്ച്), മഹരാഷ്ട്ര (നാല്), തെലങ്കാന (രണ്ട്), തമിഴ്‌നാട് (രണ്ട്), ആന്ധ്രാപ്രദേശ് (ഒന്ന്), ഗോവ (ഒന്ന്) എന്നിങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം.
യുഎസിലെ 95 ജയിലുകളിലായി കഴിയുന്ന 1739 ഇന്ത്യക്കാരില്‍ നിന്നാണ് ഇത്രയും പേരെ നാടുകടത്തുന്നതെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബ് അസോയിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാത്‌നം സിങ് ചാഹല്‍ പറഞ്ഞു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) പിടികൂടിയവരാണ് ഇവരെല്ലാം.
ഐസിഇ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ 611 ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 1616 ഇന്ത്യക്കാരേയും നാടുകടത്തി.
content highlights: Deport, Entering Illegally, US To Deport 161 Indians