വാഷിങ്ടണ്‍: ലോകരാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ അമ്പതുകോടി ഡോസ് ഫൈസര്‍ വാക്‌സിന്‍ വാങ്ങാനൊരുങ്ങി അമേരിക്ക. ജോ ബൈഡന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ്. മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടനില്‍ ഈയാഴ്ച നടക്കുന്ന ജി-7 യോഗത്തില്‍ ബൈഡന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

ലാഭേച്ഛയില്ലാത്ത ഇടപാടാണ് യു.എസ്. നടത്തുന്നതെന്നും ഇരുപതുകോടി ഡോസ് വാക്‌സിന്‍ ഇക്കൊല്ലവും മുപ്പതുകോടി ഡോസ് വാക്‌സിന്‍ അടുത്തകൊല്ലവും വിതരണം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഉത്പാദിപ്പിക്കപ്പെട്ട വാക്‌സിനുകളുടെ ഭൂരിഭാഗവും സമ്പന്നരാജ്യങ്ങള്‍ സംഭരിച്ചതിനു പിന്നാലെ ആഗോളതലത്തിലെ രൂപപ്പെട്ട വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അമേരിക്ക ഇടപെടണമെന്ന സമ്മര്‍ദം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. ജനസംഖ്യയുടെ  പകുതിയിലധികം പേര്‍ക്ക് അമേരിക്ക ഇതിനോടകം വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. രാജ്യത്ത് രോഗബാധനിരക്കും കുത്തനെ കുറഞ്ഞിട്ടുണ്ട്.

വാക്‌സിന്‍ നയത്തെ കുറിച്ചുള്ള ചോദ്യത്തിന് ജി-7 യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് തൊട്ടുമുന്‍പായി ബൈഡന്‍ ചില സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു. ലോകരാജ്യങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും വാക്‌സിന്‍ നയം ഉണ്ടോ എന്ന ചോദ്യത്തിന്- തന്റെ പക്കല്‍ ഒരു നയമുണ്ടെന്നും അത് പ്രഖ്യാപിക്കുമെന്നുമായിരുന്നു ബൈഡന്റെ മറുപടി. പ്രഖ്യാപന സമയത്ത് ഫൈസര്‍ സി.ഇ.ഒ. ആല്‍ബര്‍ട്ട് ബൗര്‍ളയും ബൈഡന്റെ ഒപ്പമുണ്ടാവുമെന്നാണ് സൂചന.

content highlghts: us to buy 500 million dose pfizer vaccine dose and will donate globally