ഡെൻമാർക്ക്: ജർമൻ ചാൻസലർ ആംഗേല മെർക്കൽ ഉൾപ്പെടെയുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരേ യുഎസ് ചാരവൃത്തി  നടത്തിയതായി റിപ്പോർട്ട്. 2012 മുതൽ 2014 വരെയുള്ള കാലയളവിൽ ഡാനിഷ് രഹസ്യാന്വേഷണ ഏജൻസിയുടെ സഹായത്തോടെ യുഎസ് നാഷണൽ സെകര്യൂരിറ്റി ഏജൻസി ചാരവൃത്തി നടത്തിയെന്നാണ് ഡാനിഷ്, യൂറോപ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഡാനിഷ് ഇന്റർനെറ്റ് കേബിളുകൾ വഴി ജർമനി, സ്വീഡൻ, നോർവെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ യുഎസ് ചേർത്തിയെന്ന് ഡെൻമാർക്സ് റോഡിയോയുടെ റിപ്പോർട്ടിൽ പറയുന്നു. ഡെൻമാർക്കിലെ സൈനിക രഹസ്യാന്വേഷണ വിഭാഗവുമായുള്ള പരസ്പര നിരീക്ഷണ സഹകരണം മുതലെടുത്താണ് യുഎസ് ചാരവൃത്തി നടത്തിയതെന്നാണ് റിപ്പോർട്ട്.

ആംഗേല മെർക്കലിന് പുറമേ അന്നത്തെ വിദേശകാര്യ മന്ത്രി ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമിയർ, പ്രതിപക്ഷ നേതാവ് പീയർ സ്റ്റെയ്ൻബ്രക്ക് ഉൾപ്പെടെയുള്ള നേതാക്കളുടെ വിവരങ്ങളാണ് ചോർത്തിയത്. എസ്എംഎസ് ടെസ്റ്റ് മെസേജ്, ടെലിഫോൺ കോൾസ്, സെർച്ച് ഹിസ്റ്ററി ഉൾപ്പെടെയുള്ള ഇന്റർനെറ്റ് ട്രാഫിക്, ചാറ്റ്സ്-മെസേജിങ് സർവീസ് തുടങ്ങിയ വിവരങ്ങൾ ചേർത്തിയതായാണ് റിപ്പോർട്ടുകൾ.

ചാരവൃത്തി സംബന്ധിച്ച് ഡെൻമാർക്ക് പ്രതിരോധ മന്ത്രി ട്രൈൻ ബ്രാംസെൻ 2020 ഓഗസ്റ്റിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇതുസംബന്ധിച്ച വാർത്താ ഏജൻസിയുടെ ചോദ്യങ്ങളോട് ഡെൻമാർക്ക് പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. അയൽരാജ്യങ്ങളിൽ ചാരവൃത്തിക്കായി നിരീക്ഷണ സംവിധാനം ഉപയോഗിക്കാൻ ഡെൻമാർക്ക് യുഎസിനെ അധികാരപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.

content highlights:US Spied On Angela Merkel, European Allies With Danish Help From 2012 To 2014: Report