വാഷിങ്ടണ്‍:  ക്യൂബയിലെ ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ രഹസ്യത്തടവറ ജീര്‍ണാവസ്ഥയെ തുടര്‍ന്ന് അടച്ചു.  ഭൂമിയിലെ നരകമെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഗ്വോണ്ടനാമോ തടവറസമുച്ചയത്തിലെ ക്യാംപ് 7 ലെ തടവുകാരെ മറ്റൊരു താവളത്തിലേക്ക് മാറ്റിയതായി യുഎസ് സൈനികവക്താവ് ഞായറാഴ്ച അറിയിച്ചു. 

സമീപത്തുള്ള മറ്റൊരു തടവറയിലേക്കാണ് തടവുകാരെ മാറ്റിയത്. ക്യാംപ് 7 ലെ തടവുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി പുതിയ തടവറ നിര്‍മിക്കണമെന്ന് 2013 ലെ ബജറ്റില്‍ ആവശ്യമുയര്‍ന്നിരുന്നു. സിഐഎ പിടികൂടുന്ന ഭീകരരെ പാര്‍പ്പിക്കാന്‍ നിര്‍മിച്ച തടവറയില്‍ ഗുരുതര മനുഷ്യാവകാശ ലംഘനം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തടവുകാരുടെ മേല്‍നോട്ടം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് തടവറ അടച്ചു പൂട്ടുന്നതെന്നാണ് യുഎസ് സതേണ്‍ കമാന്‍ഡ് നല്‍കുന്ന വിശദീകരണം. 

എത്ര തടവുകാരെയാണ് മാറ്റിയതെന്ന് വിവരം സൈന്യം പുറത്തു വിട്ടിട്ടില്ല. ക്യാംപ് 7 ല്‍ 14 തടവുകാരുണ്ടെന്നാണ് നേരത്തെ പുറത്തു വന്ന സൂചന. ഗ്വാണ്ടനാമോയിലെ വിവിധ തടവറകളിലായി നാല്‍പത് പേര്‍ തടവില്‍ കഴിയുന്നതായാണ് വിവരം. ക്യാംപ് 6 ന് സമീപത്ത് ഒഴിഞ്ഞ നിലയിലുള്ള ക്യാംപ് 5 ലേക്കാണ് തടവുകാരെ മാറ്റിയിരിക്കുന്നത്. 

സിഐഎയുടെ പിടിയിലാകുന്ന കുറ്റവാളികളെ രഹസ്യമായി പാര്‍പ്പിക്കാന്‍ 2006 ഡിസംബറിലാണ് ക്യാംപ് 7 തുറന്നത്. തടവുകാരെ അതി ക്രൂരമായി പീഡിപ്പിക്കുന്നതിനാണ് നാവികത്താവളമായ ഗ്വാണ്ടനാമോയില്‍ യുഎസ് ആല്‍ഫ, ബ്രാവോ, ഗോള്‍ഫ്, ഡല്‍റ്റാ എന്നീ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ നിര്‍മിച്ചത്. 2001 ലെ വേള്‍ഡ് ഗ്രേഡ് സെന്റര്‍ ആക്രമണവും അമേരിക്കയുടെ അഫ്ഗാന്‍ ആക്രമണവുമാണ് ഗ്വാണ്ടനാമോ തടവറകളെ വാര്‍ത്തയിലേക്ക് കൊണ്ടുവന്നത്. 

തടവറയില്‍ നിന്ന് പുറത്തു വന്ന അപൂര്‍വം ചിലരുടെ വെളിപ്പെടുത്തലുകളാണ്  ക്യൂബയിലെ അമേരിക്കന്‍ നാവികത്താവളമായ ഗ്വാണ്ടനാമോ തടവറകളിലെ കൊടിയ പീഡനങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ചത്. തുടര്‍ച്ചയായ മര്‍ദ്ദനം, ഉറങ്ങാനനുവദിക്കാതിരിക്കുക, ദീര്‍ഘനാള്‍ തലമൂടിക്കെട്ടുക, ലൈംഗികമായ പീഡനങ്ങള്‍, നിര്‍ബന്ധിത മരുന്നുകുത്തിവെപ്പുകള്‍ തുടങ്ങിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്ന് മോചിതരായവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ക്യാംപ് 7 ല്‍ ഇപ്പോഴുള്ള തടവുകാരില്‍ അഞ്ച് പേര്‍ 2001 സെപ്റ്റംബര്‍ 11 ലെ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായവരാണ്. ഗ്വാണ്ടനാമോ അടച്ചു പൂട്ടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സൂചിപ്പിച്ചിരുന്നെങ്കിലും തടവുകാരെ അമേരിക്കയിലേക്ക് നീക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രത്യേക അനുമതി തേടേണ്ടതുള്ളതിനാല്‍ വിഷയം നീളാനാണ് സാധ്യത. 

 

Content Highlights: US shuts once secret Guantanamo prison unit moves prisoners