ബെലറുസിലെ യു.എസ്. എംബസിയിലെ പതാക താഴ്ത്തുന്നു| Photo: twitter.com/USAmbBelarus
- സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഎസിന്റെ നടപടി
- 'റഷ്യന്‍ ആക്രമണം പ്രകോപനരഹിതവും നീതീകരിക്കാനാവാത്തതും'
വാഷിങ്ടണ്‍: ബെലാറുസിലെ എംബസി അടച്ച് അമേരിക്ക. കൂടാതെ, റഷ്യയിലെ യു.എസ്. എംബസിയിലെ അടിയന്തര വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മടങ്ങിവരാനുള്ള അനുമതിയും യു.എസ്. നല്‍കിയിട്ടുണ്ട്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് യു.എസ്. നീക്കം.
യുക്രൈനില്‍ റഷ്യന്‍ സൈന്യം നടത്തുന്ന പ്രകോപനരഹിതവും നീതീകരിക്കാനാവാത്തതുമായ ആക്രമണം ഉയര്‍ത്തുന്ന സുരക്ഷാപ്രശ്നങ്ങള്‍ കാരണമാണ് തങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ബെലാറുസിലെ യു.എസ്. എംബസിയിലെ അമേരിക്കന്‍ പതാക, ജീവനക്കാര്‍ താഴ്ത്തുന്നതിന്റെ ഫോട്ടോ യു.എസ്. അംബാസഡര്‍ ജൂലി ഫിഷര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. എംബസിയിലുണ്ടായിരുന്ന മുഴുവന്‍ അമേരിക്കന്‍ ജീവനക്കാരും ബെലറുസ് വിട്ടതായും ഫിഷര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു. തലസ്ഥാനമായ മിന്‍സ്കിലാണ് ബെലറുസിലെ യു.എസ്. എംബസി പ്രവര്‍ത്തിക്കുന്നത്.
രണ്ടാഴ്ച മുന്‍പ്, യുക്രൈനിലെ എംബസിയുടെ പ്രവര്‍ത്തനം തലസ്ഥാനമായ കീവില്‍നിന്ന് പടിഞ്ഞാറന്‍ നഗരമായ ലിവിലേക്ക് യു.എസ്. മാറ്റിയിരുന്നു. റഷ്യന്‍ സൈന്യം യുക്രൈന് അതിര്‍ത്തി വളഞ്ഞതിനു പിന്നാലെ ആയിരുന്നു ഇത്.
അതിനിടെ, ബെലാറസില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ആക്രമണം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്. വെടിനിര്‍ത്തല്‍ വേണമെന്നും റഷ്യന്‍ സൈന്യത്തെ തങ്ങളുടെ പ്രദേശത്ത് പിന്‍വലിക്കാന്‍ റഷ്യ തയ്യാറാവണമെന്നുമുള്ള നിലപാടാണ് യുക്രൈന് സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് നടത്തിയ ആണവ ഭീഷണിക്കു തൊട്ടുപിന്നാലെയാണ് തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന് വ്യക്തമാക്കിയത്. യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കിയും ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെങ്കോയും ഞായറാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിനു ശേഷമാണ് ബെലാറസില്‍ വെച്ച് ചര്‍ച്ചയാകാമെന്ന് തീരുമാനം ഉണ്ടായത്.
Content Highlights: us shuts embassy in Belarus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..