പാഞ്ഞെത്തി യു.എസ്. മിസൈല്‍, ചൈനീസ് ചാരബലൂണ്‍ നിമിഷനേരത്തില്‍ ചിന്നിച്ചിതറി; വീഡിയോ പുറത്ത്


ചൈനീസ് ചാരബലൂൺ വെടിവെച്ചിട്ടതിന്റെ ദൃശ്യങ്ങൾ | Photo:Twitter@ReutersUS

വാഷിങ്ടണ്‍: സംശയാസ്പദമായ സാഹചര്യത്തില്‍ യു.എസ് വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണിനെ വെടിവെച്ചിട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ബലൂണിന്റെ അവശിഷ്ടങ്ങള്‍ക്കായി തീരസംരക്ഷണ സേന തിരച്ചില്‍ തുടരുകയാണ്. ഇതിനായി മുങ്ങല്‍വിദഗ്ധരെയും ആളില്ലാ മുങ്ങിക്കപ്പലുകളുകളും യു.എസ്. നിയോഗിച്ചു. തുടര്‍ന്ന് കാരലൈന തീരത്തിനു മുകളില്‍ താല്‍ക്കാലികമായി വ്യോമമേഖല അടച്ചിട്ടു. ചാരബലൂണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വെടിവച്ചിട്ടത്.

ഇതിനിടെ, ലാറ്റിനമേരിക്കന്‍ ഭാഗത്ത് മറ്റൊരു ചാരബലൂണിന്റെ സാന്നിധ്യം പെന്റഗണ്‍ സ്ഥിരീകരിച്ചു. ഇതും ചൈനയുടെ നിരീക്ഷണ ബലൂണാണെന്ന്‌ സംശയിക്കുന്നതായി പെന്റഗണ്‍ മാധ്യമ സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ വ്യക്തമാക്കി.

വളരെ കുറവ് ജനസംഖ്യയുള്ള മൊണ്ടാനയിലെ മാംസ്റ്റോം വ്യോമതാവളത്തിലാണ് യു.എസിന്റെ മൂന്ന് ആണവ മിസൈല്‍ വിക്ഷേപണകേന്ദ്രങ്ങളില്‍ ഒന്നുള്ളത്. സുരക്ഷാപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി അതിജാഗ്രതയോടുകൂടിയാണ് യു.എസ്. വിഷയം കൈകാര്യം ചെയ്യുന്നത്. വിഷയം യു.എസ്.-ചൈന നയതന്ത്രബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നിട്ടുണ്ട്‌. സംഭവത്തിന് പിന്നാലെ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനാ സന്ദര്‍ശനം മാറ്റി.

യു.എസിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനവുമാണ് ചൈന നടത്തിയതെന്ന് ബ്ലിങ്കന്‍ കുറ്റപ്പെടുത്തി. ഒരുതരത്തിലും അംഗീകരിക്കാനാവാത്ത ഉത്തരവാദിത്വമില്ലായ്മയാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. ദീര്‍ഘകാലമായി പദ്ധതിയിട്ടുവരുന്ന നയതന്ത്രസന്ദര്‍ശനത്തിന്റെ തലേന്ന് ഇങ്ങനെ സംഭവിച്ചെന്നത് അമ്പരപ്പിക്കുന്നതാണ് -ബ്ലിങ്കന്‍ പറഞ്ഞു.

വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല -ചൈന

യു.എസ്. വ്യോമമേഖലയില്‍ ചൈനീസ് ചാരബലൂണുകള്‍ കണ്ടെത്തിയെന്ന പെന്റഗണ്‍ ആരോപണം നിഷേധിച്ച് ചൈന. ഏതെങ്കിലും രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല. തങ്ങള്‍ക്കെതിരേ പ്രചാരണം നടത്താനുള്ള അവസരം യു.എസ്. മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും മുതലെടുക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂണ്‍ കാറ്റിനെത്തുടര്‍ന്ന് ദിശതെറ്റി യു.എസ്. വ്യോമപാതയിലെത്തിയതാകും - ചൈന വിശദീകരിച്ചു.

ബലൂണ്‍ എപ്പോള്‍ യുഎസിന് മുകളിലെത്തി എന്നതില്‍ അവ്യക്തത

രണ്ട് ദിവസം മുമ്പാണ് ബലൂണ്‍ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ ദൃശ്യമായതെന്നാണ് പ്രതിരോധവകുപ്പ് പറയുന്നത്. എന്നാല്‍ എതാനും ദിവസം മുമ്പുതന്നെ ബലൂണിന്റെ നീക്കം യുഎസ് നിരീക്ഷിച്ചുവരുന്നതായാണ് അനൗദ്യോഗികവിവരം. ഫിലിപ്പീന്‍സിലായിരുന്ന പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബുധനാഴ്ച വിഷയം ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ചയ്ക്ക് പിന്നാലെ മൊണ്ടാനയില്‍ ജെറ്റ് വിമാനങ്ങള്‍ പരീക്ഷണപ്പറക്കല്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ബലൂണ്‍ ദൃശ്യമായതിന് പിന്നാലെ നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഉന്നത സൈനിക ഉദ്യോഗസ്ഥരും ബലൂണിനെ വെടിവെച്ച് വീഴ്ത്തുന്ന കാര്യം പരിഗണിച്ചിരുന്നതായും ഇതിനായി ഫൈറ്റര്‍ ജെറ്റുകള്‍ തയ്യാറാക്കിയതായും പ്രതിരോധ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ ബലൂണിന്റെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നതിനാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്‌ മോണ്ടാനയ്ക്ക് മുകളില്‍ ബലൂണ്‍ പറക്കാന്‍ തുടങ്ങിയപ്പോഴാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ വെടിവെച്ചിടാന്‍ ബൈഡന്‍ നിര്‍ദേശം നല്‍കിയത്.

എന്താണ് ചാരബലൂണ്‍?

ഒരു നിശ്ചിത മേഖലയില്‍ കാലാവസ്ഥാ നിരീക്ഷണത്തിനുപയോഗിക്കുന്ന 'വെതര്‍ ബലൂണുകള്‍'ക്ക് സമാനമാണ് ചാരബലൂണുകളെങ്കിലും ഉപയോഗലക്ഷ്യം വേറെയാണ്. ഭൗമോപരിതലത്തില്‍ നിന്ന് 24,000-37,000 മീറ്റര്‍ ഉയരത്തിലാണ് ചാരബലൂണുകളുടെ സഞ്ചാരപാത. ചാരഉപഗ്രഹങ്ങളേക്കാള്‍ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശേഷിയുള്ളവയാണ് ചാരബലൂണുകള്‍. കാരണം, ഉപഗ്രഹങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമീപത്തുനിന്ന്, സൂക്ഷ്മമായാണ് ബലൂണുകളുടെ നിരീക്ഷണം. ബലൂണുകളുടെ നിയന്ത്രണം ഉപഗ്രഹങ്ങളേക്കാള്‍ ലളിതവുമാണ്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ചാരബലൂണുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. അതിനുശേഷം ചാലബലൂണുകള്‍ ഉപയോഗപ്പെടുത്തുന്ന 'പോജക്ട് ജെനിട്രിക്‌സ്' എന്ന പദ്ധതി പരമ്പര തന്നെ യുഎസ് സേന നടപ്പാക്കി. 1950-കളില്‍ സോവിയറ്റ് അതിര്‍ത്തിയില്‍ നിരിക്ഷണത്തിനായി യുഎസ് ബലൂണുകള്‍ ഉപയോഗപ്പെടുത്തിയതായി ഔദ്യോഗികരേഖകള്‍ വെളിപ്പെടുത്തുന്നു.

Content Highlights: US shoots down suspected Chinese spy balloon

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023

Most Commented