ഇമ്രാൻ ഖാൻ| Photo: AFP
വാഷിങ്ടണ്‍: തനിക്കെതിരായ അവിശ്വാസ പ്രമേയത്തിന പിന്നില്‍ അമേരിക്കയാണെന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാദം തള്ളി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം. ഇമ്രാന്‍ ഖാന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പാകിസ്താന്റെ ഭരണഘടനയും നിയമവാഴ്ചയെയും അമേരിക്ക ബഹുമാനിക്കുകയും പിന്തുണയ്ക്കുയും ചെയ്യുന്നുവെന്നും യു.എസ് വിദേശകാര്യ മന്ത്രാലയ വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.
"പാകിസ്താനിലെ സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പാകിസ്താന്റെ ഭരണഘടനയെ ഞങ്ങള്‍ ബഹുമാനിക്കുന്നു"- പ്രൈസ് പറഞ്ഞു. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി.
വിദേശ ശക്തികള്‍ പാകിസ്താനിലെ പ്രതിപക്ഷവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം. പ്രസംഗത്തിനിടെ ഇമ്രാന്‍ അമേരിക്കയുടെ പേര് പറഞ്ഞതും വിവാദമായിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചശേഷം വിഷമഘട്ടത്തില്‍ യു.എസ്. പാകിസ്താനെ ഉപേക്ഷിച്ചെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തിയിരുന്നു. പാകിസ്താന്റെ വിധി നിര്‍ണയിക്കുന്ന അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെയാണിത്.
നേരത്തേ അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ പാകിസ്താന്‍ ദേശീയ അസംബ്ലി ഞായറാഴ്ചവരെ പിരിഞ്ഞിരുന്നു. സഖ്യകക്ഷികളായ മുത്താഹിദ ഖ്വാമി മൂവ്മെന്റ് (എം.ക്യു.എം.), ബലൂചിസ്താന്‍ അവാമി പാര്‍ട്ടി എന്നിവ പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി.
അധികാരം നിലനിര്‍ത്താന്‍ 172 പേരുടെ പിന്തുണയാണ് ഇമ്രാനു വേണ്ടത്. 176 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം.
Content Highlights: US rubbishes Imran's claim of ‘foreign conspiracy' to unseat him
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..