ടെഹ്‌റാന്‍: ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ മിസൈലാക്രമണത്തിന് അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രതികാര നടപടിയുണ്ടായാല്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഉപദേഷ്ടാവ്. അക്രമണത്തിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് ട്വിറ്ററിലൂടെ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് യുദ്ധ സൂചന നല്‍കി നിലപാട് കടുപ്പിച്ചത്.
പശ്ചിമ ഇറാഖിലെ അല്‍-അസാദ് സൈനിക താവളത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.20നാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതും ഇതേ സമയത്തായിരുന്നു. അല്‍-അസാദിലെ ആക്രമണത്തിന് പിന്നാലെ രണ്ട് മണിക്കൂറിനകമാണ് അമേരിക്കന്‍ സൈനികരുടെ മറ്റൊരു താവളമായ ഇര്‍ബിന്‍ സൈനിക കേന്ദ്രത്തിന് നേരെയും മിസൈലാക്രമുണ്ടായി.
അക്രമണത്തിന് പിന്നാലെ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ആരംഭിച്ചതായി ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് പ്രസ്താവന നടത്തിയിരുന്നു. അമേരിക്കയെയും സഖ്യകക്ഷികളെയും ആക്രമിക്കുമെന്നും ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മേഖലയില്‍ നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കണമെന്നും റെവലൂഷണറി ഗാര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സ്വയം പ്രതിരോധത്തിനുള്ള നീക്കമാണ് നടത്തിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവദ് സാരിഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎന്‍ മാനദണ്ഡപ്രകാരം ആര്‍ട്ടിക്കിള്‍ 51 അനുസരിച്ചാണ് ഇറാന്റെ നടപടി. കുടുതല്‍ ആക്രമണങ്ങള്‍ക്കോ യുദ്ധത്തിനോ ഞങ്ങള്‍ പോകുന്നില്ല, എന്നാല്‍ ഏത് ആക്രമണത്തിനെതിരേയും സ്വയം പ്രതിരോധം നടത്തുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.
അതേസമയം ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും ശക്തവും സുസജജുമായ സൈന്യം ഞങ്ങള്‍ക്കുണ്ടെന്ന് ഇറാനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. സംഭവത്തില്‍ ഇന്ന് തന്നെ നിര്‍ണായകമായ പ്രഖ്യാപനം നടത്തുമെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ട്.
Content Highlights; US retaliation could lead to all-out war - iran president advisor