വാഷിങ്ടൺ: അനിശ്ചിതത്വം നീങ്ങി. ഇന്ത്യൻ വംശജയും കറുത്തവർഗക്കാരിയുമായ കമലാ ഹാരിസ് യു.എസിന്റെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി. ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ജോ ബൈഡനൊപ്പം മുൻനിരയിൽനിന്ന് രാജ്യത്തെ നയിക്കാൻ ഇനി കമലയുമുണ്ടാവും. 

ഓഗസ്റ്റിൽ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതുമുതൽ ട്രംപിനുനേരെ കടുപ്പമേറിയ ചോദ്യങ്ങളെറിഞ്ഞ് ബൈഡനൊപ്പം ശക്തയായി മുൻനിരയിൽത്തന്നെ കമലയുണ്ടായിരുന്നു. 
ബൈഡന്റെ വിജയത്തിൽ നിർണായകമായി സ്ത്രീകളുടെയും കറുത്ത വർഗക്കാരുടെയും വോട്ടുകളെത്തിയത് കമലയിലൂടെയായിരുന്നെന്ന് പറയേണ്ടിവരും. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ, ആദ്യ ഏഷ്യൻ വംശജ എന്നീ പദവികൾകൂടി കമലയ്ക്കുസ്വന്തമാവുകയാണ്.

റിപ്പബ്ലിക്കൻ പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥി മൈക് പെൻസുമായുള്ള സംവാദത്തിലടക്കം കമല കാതങ്ങൾ മുന്നിലായിരുന്നു. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പലപ്പോഴും ബൈഡനെക്കാളേറെ കമലാ ഹാരിസിനെ രൂക്ഷമായി വിമർശിക്കുകയുംചെയ്തു. ബൈഡൻ പ്രസിഡന്റായാൽ കമലാ ഹാരിസാകും ഭരിക്കുകയെന്നുവരെ ട്രംപ് പ്രസ്താവന നടത്തി. 

നിർഭയമായ നിലപാടുകളുടെപേരിലാണ് കമലാ ഹാരിസ് ഏറെ കൈയടി നേടിയിട്ടുള്ളത്. അഭിഭാഷകയായി ജോലിചെയ്യവേ വധശിക്ഷ, സ്വവർഗവിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമായി. യു.എസിൽ കറുത്ത വർഗക്കാർക്കുനേരെ നടക്കുന്ന അതിക്രമങ്ങളിൽ പോലീസിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു.ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാമുഖങ്ങളിൽ ശ്രദ്ധേയയായ കമലാ ഹാരിസിന് രാഷ്ട്രീയത്തിൽ ഏറെ തുണയായത് മുൻ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള ആത്മബന്ധമാണ്.

ചെന്നൈ സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരനായ ഡൊണാൾഡ് ഹാരിസിന്റെയും മകളായി 1964-ൽ കാലിഫോർണിയയിലെ ഓക്‌ലൻഡിലാണ് കമലയുടെ ജനനം. ഹൊവാഡ് സർവകലാശാലയിൽനിന്ന്‌ ബിരുദവും കാലിഫോർണിയ സർവകലാശാലയിൽനിന്ന്‌ നിയമബിരുദവും നേടി. 2003-ൽ സാൻഫ്രാൻസിസ്കോയിൽ ഡിസ്ട്രിക്ട്‌ അറ്റോർണിയായി തിരഞ്ഞെടുക്കപ്പെട്ടു. 2010-ൽ കാലിഫോർണിയയുടെ അറ്റോർണി ജനറലായി. 2014-ൽ ഡഗ്ലസ് എംഹോഫിനെ വിവാഹംചെയ്തു.

content highlights: US Presidential Election 2020: Kamala Harris America's first Woman Vice president