വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ വൈറ്റ് ഹൗസില്‍ എത്തിയ ശേഷമാണ് ഫൈസര്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ട് ബൈഡന് നല്‍കിയത്.

അമേരിക്കയിലെ പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം 65 വയസ്സ് പിന്നിട്ടവര്‍ക്ക് കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ കുത്തിവെപ്പായ ബൂസ്റ്റര്‍ ഷോട്ട് നല്‍കാന്‍ തീരുമാനിച്ചിരുന്നു

തന്നെ കണ്ടാല്‍ തോന്നില്ലെങ്കിലും തനിക്ക് 65 വയസ്സ് കഴിഞ്ഞെന്ന് ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമാരില്‍ ഒരാളായ ബൈഡന് ഇപ്പോൾ 78 വയസ്സാണ് പ്രായം. 65 വയസ്സ് പിന്നിട്ടവര്‍ക്ക് പുറമെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വൈറസ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനമായിരുന്നു.

ഇപ്പോഴും വലിയൊരു വിഭാഗം അമേരിക്കക്കാര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുകയാണെന്ന് ബൈഡന്‍ പറഞ്ഞു. ഇത്തരക്കാര്‍ മാരകമായ ഡെല്‍റ്റ വൈറസിനെ രാജ്യം മുഴുവന്‍ വ്യാപിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ജനസംഖ്യയുടെ 77 ശതമാനം വരുന്ന ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചെങ്കിലും വൈറസ് വ്യാപനത്തിന് തടയിടാന്‍ അത് മതിയാകില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ContentHighlights: US President Joe Biden Gets COVID-19 Vaccine Booster Shot