Photo: AP
വാഷിങ്ടണ്‍: യുഎസ്-ഇറാന് സംഘര്‍ഷം അതിരൂക്ഷമായിരിക്കെ ഇറാന് കനത്ത മുന്നറിയിപ്പ് നല്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കാരെയോ അമേരിക്കന്‍ സൈനിക താവളങ്ങളോ ആക്രമിക്കുകയാണെങ്കില്‍ ഇതുവരെ കാണാത്തരീതിയില്‍ അതിശക്തമായി ഇറാനെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
'രണ്ട് ട്രില്യണ്‍ ഡോളറാണ് ആയുധങ്ങള്‍ക്ക് വേണ്ടി മാത്രം യുഎസ് ചിലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയതും മികച്ചതുമായ സൈന്യമാണ് ഞങ്ങളുടേത്. അമേരിക്കന്‍ സൈനിക താവളങ്ങളെയോ, ഏതെങ്കിലും അമേരിക്കക്കാരനെയോ ഇറാന് ആക്രമിക്കുകയാണെങ്കില്‍ ഒരു പുതിയ മനോഹരമായൊരു ആയുധം ഞങ്ങള്‍ ഇറാനിലേക്ക് അയക്കും. അതില്‍ ഒരു സംശയവും വേണ്ട'- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ഇറാന് തങ്ങള്‍ക്ക് നേരേ ആക്രമണത്തിന് തുനിഞ്ഞാല്‍ ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് സൈന്യത്തിന്റെ ആയുധശേഷി വെളിപ്പെടുത്തി ട്രംപ് ട്വീറ്റ് ചെയ്തത്.
അമേരിക്കയ്ക്ക് എതിരേ തിരിച്ചടിക്കാന്‍ സജ്ജമാണെന്ന സൂചന നല്കുന്ന നീക്കങ്ങളും ഇറാന്റെ ഭാഗത്തുനിന്നുണ്ടായി. വിവിധ നേതാക്കളുടെ പ്രസ്താവനകള്‍ക്ക് പുറമേ ജാംകരണ്‍ പള്ളിയുടെ താഴികക്കുടത്തില്‍ ചുവന്ന പതാക ഉയര്‍ത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നു. ജാംകരണ്‍ പള്ളിയുടെ താഴികക്കുടത്തില്‍ ചുവന്ന പതാക ഉയര്‍ത്തുന്നത് ഒരു വലിയ യുദ്ധം വരാനുണ്ടെന്നതിന്റെ സൂചനയാണ്.
അതേസമയം, ഖാസിം സുലൈമാനിയുടെയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ വഹിച്ചുള്ള വിലാപയാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു. അമേരിക്കയിലേക്ക് മരണം എന്ന മുദ്രാവാക്യം മുഴക്കിയാണ് ഇറാഖി പൗരന്മാര് വിലാപയാത്രയില്‍ പങ്കാളികളായത്. ഇതിനുശേഷം മൃതദേഹങ്ങള്‍ ഇറാനിലെ അഹ്വാസ് നഗരത്തിലെത്തിച്ചു. ഇവിടെയും ആയിരക്കണക്കിന് പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. അഹ്വാസില്നിന്ന് മഷാദ്, ടെഹ്റാന്, ക്യോം എന്നീ നഗരങ്ങളിലൂടെയാകും വിലാപയാത്ര. തിങ്കളാഴ്ച ഖാസിം സുലൈമാനിയുടെ ജന്മനാടായ കെര്മാനിലായിരിക്കും സംസ്കാരചടങ്ങുകള്‍.
Content Highlights: us president donald trump says if iran attacks us we will send beautiful equipment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..