ഡൊണാൾഡ് ട്രംപ് | Photo: AP
വാഷിങ്ടണ്‍: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോള്‍ മന്ദിരത്തില്‍ കലാപം നടന്ന് ഒരുദിവസം പിന്നിടുമ്പോള്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിച്ച് ട്രംപ്. കലാപം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പോലും തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ആരോപിച്ചിരുന്ന ട്രംപ് മണിക്കൂറുകള്‍ക്കുളളിലാണ് നിലപാട് മാറ്റിയത്.
അമേരിക്കയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുകയെന്ന ലക്ഷ്യത്തോടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചും അമേരിക്കയുടെ ജനാധിപത്യമൂല്യങ്ങളെ ഓര്‍മിപ്പിച്ചും ബൈഡന്റെ വിജയത്തെ അംഗീകരിച്ചും ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
ജനുവരി 20ന് പുതിയ ഭരണകൂടം അധികാരത്തില്‍ വരും. സമാധാനപരമായ അധികാരകൈമാറ്റം ആഗ്രഹിക്കുന്നതായും അതുറപ്പുവരുത്തുന്നതിലാണ് നിലവില്‍ തന്റെ ശ്രദ്ധയെന്നും ട്രംപ് വ്യക്തമാക്കി. ഇത് ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്ന് അഭിപ്രായപ്പെട്ട ട്രംപ് ശാന്തിക്കും അനുരഞ്ജനത്തിനും വേണ്ടി അഭ്യര്‍ഥിച്ചു.
കാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന കലാപത്തെ അദ്ദേഹം തളളിപ്പറഞ്ഞു. അക്രമം നടത്തിയവര്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നവര്‍ അല്ല. അമേരിക്ക എല്ലായ്പ്പോഴും നിയമവാഴ്ചയ്ക്ക് പ്രധാന്യം നല്കുന്ന രാജ്യമാണ്. നിയമപരമായി മാത്രമാണ് താന്‍ മുന്നോട്ടുപോയതെന്നും അമേരിക്കന്‍ ജനാധിപത്യത്തെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2020 നിരവധി വെല്ലുവിളികള്‍ നിറഞ്ഞ ഒരു വര്‍ഷമായിരുന്നു. മഹാമാരി പൗരന്മാരുടെ ജീവിതത്തെ ബാധിച്ചു. ദശലക്ഷക്കണിക്കിന് പേര് വീടുകളില്‍ ഒറ്റപ്പെട്ടു, സമ്പദ്ഘടന തകര്‍ക്കപ്പെട്ടു, നിരവധിപേരുടെ ജീവന് കവര്‍ന്നു. അതിനെ നേരിടാന്‍ നാം എല്ലാവരും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കണം.
നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന സ്നേഹവും വിശ്വസ്തതയും പുനരുജ്ജീവിപ്പിച്ച് നാം ഒരു കുടുംബമായി നിലകൊളളണം. ഈ രാജ്യത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വലിയ ആദരമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തകര്‍ നിരാശരാണെന്ന് അറിയാമെന്ന് പറഞ്ഞ ട്രംപ് ഒന്നിച്ചുളള അവിശ്വസനീയമായ ആ യാത്ര ഒരു തുടക്കം മാത്രമായിരുന്നുവെന്ന് മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്നുപറഞ്ഞുകൊണ്ടാണ് ട്രംപ് തന്റെ 2.41 മിനിട്ട് ദൈര്‍ഘ്യമുളള പ്രസംഗം അവസാനിപ്പിച്ചത്.
Content Highlights:US President Donald Trump appealed for "healing and reconciliation"
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..