വാഷിങ്ടണ്‍: കാബൂളില്‍ ഭീകരനെ വധിക്കാന്‍ ഉപയോഗിച്ച മിസൈലില്‍ സ്ഫോടനത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ പേരുകള്‍ രേഖപ്പെടുത്തി അമേരിക്ക. കാബൂള്‍ വിമാനത്താവളത്തിലെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ചാവേറിനെ വധിക്കുന്നതിന് ഉപയോഗിച്ച മിസൈലിലാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ പേരുകള്‍ അമേരിക്ക രേഖപ്പെടുത്തിയത്. 

സൈനികര്‍ക്ക് ആദരാഞ്ജലിയായാണ് കൊല്ലപ്പെട്ട 13 സൈനികരുടെ പേരുകള്‍ മിസൈലില്‍ രേഖപ്പെടുത്തിയത്. 'ഞങ്ങള്‍ 8/26/2021 ഓര്‍മിക്കും', എന്നും മിസൈലില്‍ രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വിമാനത്താവളത്തിന് പുറത്തുണ്ടായ രണ്ട് ചാവേര്‍ സ്‌ഫോടനങ്ങളില്‍ 13 അമേരിക്കന്‍ സൈനികര്‍ അടക്കം 182 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കാബൂള്‍ വിമാനത്താവളത്തിൽ ആക്രമണം നടത്തിയ ഐ.എസ്.-ഖൊരാസന്‍ ഭീകരസംഘടനയുടെ സൂത്രധാരനെ വധിച്ചതായി ഞായറാഴ്ച യുഎസ് അവകാശപ്പെട്ടു. നംഗര്‍ഹാര്‍ പ്രവിശ്യയിലേക്ക് റീപ്പര്‍ ഡ്രോണ്‍ വിട്ട് ഇയാളെ വധിച്ചതെന്നാണ് യു.എസ് വ്യക്തമാക്കിയത്. ഈ ആക്രമണത്തിന് ഉപയോഗിച്ച മിസൈലിലാണ് സൈനികരുടെ പേരുകള്‍ രേഖപ്പെടുത്തിയത്.

വിമാനത്താവള അക്രമണത്തിന് തിരിച്ചടിക്ക് ഉത്തരവിട്ടെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഈ ഡ്രോണ്‍ ആക്രമണമുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റിനുനേരെ വീണ്ടും ആക്രമണം നടത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഡ്രോണുപയോഗിച്ച് ശനിയാഴ്ച നടത്തിയ പ്രത്യാക്രമണംകൊണ്ട് തിരിച്ചടി തീരുന്നില്ലെന്നും ബെഡന്‍ അറിയിച്ചു.

Content Highlights: US pays tribute to fallen soldiers, writes their names on missiles used to target suicide bomber