വാഷിങ്ടണ്‍: പന്ത്രണ്ട് കൊല്ലത്തെ ദാമ്പത്യജീവിതം ഉപേക്ഷിച്ച് വിവാഹമോചനം നേടിപ്പോയ പങ്കാളി വിവാഹജീവിതത്തിനിടെ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ കെവിന്‍ ഹോവാര്‍ഡ് പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. തന്റെ കുടുംബജീവിതം താറുമാറാക്കിയ യുവാവിനെതിരെ  കോടതിയെ സമീപിച്ച കെവിന്‍ നഷ്ടപരിഹാരമായി നേടിയത് 7,50,000 ഡോളറാണ്(5 കോടി 32 ലക്ഷം രൂപ). 

മുഴുവന്‍ സമയവും ജോലിയില്‍ മാത്രം ശ്രദ്ധിക്കുന്നതിനാല്‍ കെവിനുമായുള്ള ബന്ധം വേര്‍പിരിയാനാഗ്രഹിക്കുന്നുവെന്നാവശ്യപ്പെട്ടാണ് കെവിനില്‍ നിന്ന് ഭാര്യ വിവാഹമോചനം നേടിയത്. എന്നാല്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവില്‍ നിന്നാണ് ഭാര്യയുടെ അവിഹിതബന്ധത്തെ കുറിച്ച് കെവിന്‍ മനസിലാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയുടെ സഹപ്രവര്‍ത്തകനാണ് കാമുകനെന്ന് കെവിന്‍ തിരിച്ചറിഞ്ഞത്. 

പലപ്പോഴും അയാള്‍ വീട്ടില്‍ വരാറുണ്ടായിരുന്നതായും ഒരുമിച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നതായും ഭാര്യയുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമായതിനാല്‍ തനിക്ക് സംശയമൊന്നും തോന്നിയിരുന്നില്ലെന്നും കെവിന്‍ കോടതിയില്‍ അറിയിച്ചു. വ്യക്തി ജീവിതത്തെ കുറിച്ചും ജോലിസംബന്ധമായ കാര്യങ്ങളെ കുറിച്ചും തങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നെന്നും കെവിന്‍ പറഞ്ഞു. 

1800 മുതല്‍ നിലവിലുണ്ടായിരുന്ന നിയമമനുസരിച്ചാണ് കെവിന്‍ കേസ് നല്‍കിയത്.ഈ നിയമമനുസരിച്ച് ഭാര്യയെ ഭര്‍ത്താവിന്റെ സ്വത്തായാണ് കണക്കാക്കുന്നത്. യുഎസിലെ ആറ് സംസ്ഥാനങ്ങളില്‍ മാത്രം ഇപ്പോഴും ഈ നിയമം നിലനില്‍ക്കുന്നുണ്ട്. തെറ്റായതും ന്യായീകരിക്കാനാവാത്തുമായ പ്രവൃത്തികളിലൂടെ വിവാഹബന്ധം വേര്‍പിരിയാനിടയായാല്‍ ദമ്പതിമാര്‍ക്ക് ഒരാള്‍ക്കെതിരെ കോടതിയെ സമീപിക്കാനുള്ള അവകാശം ഈ നിയമപ്രകാരം ലഭിക്കും. 

വിവാഹജീവിതത്തിന്റെ പവിത്രത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് താന്‍ കോടതിയെ സമീപിച്ചതെന്ന് കെവിന്‍ പറയുന്നു. വിവാഹജീവിതത്തില്‍ പങ്കാളികള്‍ക്ക് തുല്യഅവകാശങ്ങളും കടമകളുമുണ്ടന്നും കെവിന്‍ കൂട്ടിച്ചേര്‍ത്തു. കെവിന്റെ ന്യായമായ വാദങ്ങള്‍ പരിഗണിച്ചാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. 

 

Content Highlights: US Man Sues Wife's Lover For His Marriage Failure