മിസ്സൗള: ഭാരക്കൂടുതല്‍ മൂലം കുട്ടിയെ കാട്ടിലുപേക്ഷിച്ചു കടന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുമായി പോകവെ കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ ഫ്രാന്‍സിസ് കാള്‍ട്ടണ്‍ ക്രൗലി എന്നയാള്‍ കാട്ടില്‍ ഉപേക്ഷിച്ചത്. ഭാരക്കൂടുതല്‍ മൂലമാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

അമേരിക്കയിലെ മിസ്സൗളയില്‍ ശനിയാഴ്ചയാണ് സംഭവം. തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന്‍റെ പേരില്‍ ഫ്രാന്‍സിസ് കാള്‍ട്ടണെ പോലീസ് പിടികൂടിയപ്പോഴാണ് കുട്ടിയെ കാട്ടിലുപേക്ഷിച്ച കഥ പുറത്തറിഞ്ഞത്. ശനിയാഴ്ച്ച രാത്രി എട്ട് മണിക്ക് മിസ്സൗള കൗണ്ടിയിലെ ലോലോ ഹോട്ട് സ്പ്രിങ്‌സില്‍ ജനങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കാള്‍ട്ടണ്‍ ക്രൗലിയെ പോലീസ് പിടികൂടിയത്. മയക്കുമരുന്നിന് അടിമയായ ഇയാള്‍ തന്റെ കാറ് അപകടത്തില്‍ പെട്ടതായും കുഞ്ഞിനെ ഭാരം കൂടിയതിനാല്‍ ഉപേക്ഷിച്ചതായും പോലീസിനോട് പറഞ്ഞു.

എന്നാല്‍ എവിടെയാണ് ഉപേക്ഷിച്ചത് എന്ന് ഇയാള്‍ക്ക് പറയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് മരങ്ങള്‍ക്കിടയില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ തണുപ്പും വിശപ്പും കാരണം അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് നിര്‍ജലീകരണം ബാധിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍, ആരുടേതാണ് കുട്ടിയെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. കുഞ്ഞിന്റെ മാതാപിതാക്കളെ കുറിച്ച് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പ്രതി പറയുന്നതെന്ന് പോലീസ് പറഞ്ഞു.