വാഷിങ്ടൺ: ഇന്ത്യ നേരിടുന്ന വാക്സിൻ ക്ഷാമം പരിഹരിക്കുന്നതിനായി പങ്കാളിത്ത വാക്സിൻ ഉല്പാദനം എന്ന നിർദേശം മുന്നോട്ട് വെച്ച് യുഎസ്. ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സിന്റെ ഉല്പാദനം ഇന്ത്യയിലും നടത്താമെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ നിർദേശം.

സ്വകാര്യമേഖല ഉത്പാദനവുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ നടന്നതായി തനിക്കറിയാമെന്നും എന്നാൽ ഇത് എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന കാര്യം ഉറപ്പില്ലെന്നും യുഎസ് എംബസിയിലെ ഉദ്യോഗസ്ഥൻ ഡാനിയൽ ബി.സ്മിത് പറഞ്ഞു. 60 മില്യൺ ആസ്ട്രസെനക്ക കോവിഡ് വാക്സിൻ ഇന്ത്യക്ക് യുഎസ് എന്നാണ് കൈമാറുന്നതെന്ന കാര്യത്തിൽ തനിക്ക് വ്യക്തയില്ലെന്നും ഡാനിയേൽ അറിയിച്ചു.

'ഇന്ത്യയിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഉല്പാദനത്തിന് സഹായകമാകുന്ന രീതിയിൽ എങ്ങനെ നിക്ഷേപം നടത്താമെന്ന് ഞങ്ങളുടെ വികസനസാമ്പത്തിക കോർപറേഷൻ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. സ്വകാര്യമേഖലയിൽ ഉത്പാദനവുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഉത്പാദനം വർധിപ്പിക്കുന്നതിനും ലൈസൻസിങ് പ്രോത്സാഹിപ്പിക്കുന്നതിനും മൂലധനത്തിന്റെ ആവശ്യമുണ്ടെങ്കിൽ ഒരു സർക്കാർ എന്ന രീതിയിൽ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങൾക്ക് എന്താണ് നൽകാനാകുക, ഞങ്ങൾക്ക് സഹായം നൽകാനാകുമോ എന്നെല്ലാം ഞങ്ങൾ പരിശോധിക്കും.' യുഎസ് എംബസി ഉദ്യോഗസ്ഥനായ ഡാനിയേൽ ബി.സ്മിത്ത് പറഞ്ഞു.