ട്രംപനുകൂലികളുടെ പ്രതിഷേധം | Photo : AFP
വാഷിങ്ടണ്‍: യുഎസ് കാപ്പിറ്റോളിലേക്ക് അതിക്രമിച്ചെത്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാരില്‍ നിന്ന് രക്ഷ നേടാന്‍ പാര്‍ലമെന്റംഗങ്ങള്‍ ഭൂഗര്‍ഭ തുരങ്കം ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. അതിക്രമിച്ചെത്തിയ ആയിരക്കണക്കിന് ട്രംപനുകൂലികളെ നിയന്ത്രിക്കുന്നത് ശ്രമകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സഭാംഗങ്ങളെ രഹസ്യഭൂഗര്‍ഭമാര്‍ഗം വഴി പുറത്തെത്തിച്ചത്.
തികച്ചും അപ്രതീക്ഷിതമായാണ് കാപ്പിറ്റോളിന് ചുറ്റും നടന്നിരുന്ന പ്രതിഷേധങ്ങള്‍ അതിക്രമത്തില്‍ കലാശിച്ചത്. ബാരിക്കേഡുകള്‍ കടന്നെത്തിയ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറുമെന്ന് ഉറപ്പായതോടെയാണ് അംഗങ്ങളെ രഹസ്യഭൂഗര്‍ഭ മാര്‍ഗത്തിലൂടെ ഒഴിപ്പിച്ചത്. അക്രമികളില്‍ ചിലര്‍ റിപ്പബ്ലിക്കന്‍ പതാകകളും മറ്റു ചിലര്‍ അമേരിക്കന്‍ പതാകകളും കൈയിലേന്തിയിരുന്നു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു ട്രംപനുകൂലികള്‍ പ്രതിഷേധവുമായി കാപ്പിറ്റോളിലേക്ക് ഇരച്ചെത്തിയത്. ജനപ്രതിനിധി സഭയേയും സെനറ്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോട്ടുന്‍ഡയുടെ പടവുകളിലൂടെ പ്രതിഷേധക്കാര്‍ ഇരച്ചെത്തുകയായിരുന്നു.
സാഹചര്യം നിയന്ത്രണാതീതമാകുന്നുവെന്നുറപ്പായതോടെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ചേംബറില്‍ നിന്ന് പോവുകയാണെന്ന് അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് ഹൗസ് ചേംബറിലേക്ക് നീങ്ങാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എത്രയും വേഗം അവിടെ നിന്ന് ഒഴിപ്പിക്കുമെന്ന് പാര്‍ലമെന്റംഗങ്ങളെ അറിയിച്ചു. തുടര്‍ന്ന് അംഗങ്ങളെ പല വഴികളിലായി ഭൂഗര്‍ഭ വഴിയിലേക്കെത്തിക്കുകയും അവിടെ നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
Content Highlights: US Lawmakers Went To Underground Tunnel As Pro-Trump Mob Stormed Capitol
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..