കാബൂള്‍: താലിബാനെതിരെ പോരാടുന്ന അഫ്ഗാന്‍ സുരക്ഷാ സേനയെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ യു.എസ് വ്യോമസേന അഫ്ഗാനിസ്ഥാനില്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയതായി പെന്റഗണ്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഈ വ്യോമാക്രമണങ്ങളില്‍ ചുരുങ്ങിയത് 5 താലിബാന്‍ തീവ്രവാദികളെങ്കിലും കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

വ്യോമാക്രമണത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ തനിക്കാവില്ലെന്നും അഫ്ഗാന്‍ സുരക്ഷാ സേനയെയും അഫ്ഗാന്‍ സര്‍ക്കാരിനെയും മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്നതിന് യുഎസ് പ്രതിജ്ഞാബദ്ധമാണെും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സമാനമായ പ്രസ്താവനകള്‍ നേരത്തെ നടത്തിയിരുന്നു. യുഎസ് ആര്‍മി സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) മേധാവി ജനറല്‍ കെന്നത്ത് മക്കെന്‍സിയാണ് അഫ്ഗാനിസ്ഥാനിലെ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ജോണ്‍ കിര്‍ബി സ്ഥിരീകരിച്ചു.

അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് യുഎസ് അവരുടെ മാനുഷിക പിന്തുണ നല്‍കുന്നത് തുടരുമെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലെ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെ ഭാവി അഫ്ഗാന്‍ ജനതയുടെ കൈകളിലാണെന്ന് പറഞ്ഞ ജനറല്‍ മാര്‍ക്ക് മില്ലെ അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നും കൂട്ടിച്ചേര്‍ത്തു.

20 വര്‍ഷത്തിന് ശേഷം യുഎസ് സൈനികര്‍ ബാഗ്രാം വ്യോമപരിധിയില്‍ നിന്ന് പിന്‍വാങ്ങിയതോടെ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താലിബാന്‍ വേഗം കൂട്ടുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ  90 ശതമാനം അതിര്‍ത്തികളുടെയും നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്നും  അഫ്ഗാന്‍ സേന മുന്‍പ് പിടിച്ചെടുത്ത പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തന്ത്രപ്രധാനമായ സ്പിന്‍ ബോള്‍ഡാക്ക് അതിര്‍ത്തി വീണ്ടും ഏറ്റെടുത്തുവെന്നുമാണ് താലിബാന്റെ ഏറ്റവും പുതിയ അവകാശവാദം.

Content Highlights: US launched airstrikes to support Afghan forces says Pentagon