ഡൊണാൾഡ് ട്രംപ് |ഫോട്ടോ:AP
വാഷിങ്ടണ്‍: പുറത്ത് പോകുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനായി യുഎസ് ജനപ്രതിനിധി സഭയില്‍ നടപടികള്‍ ആരംഭിച്ചു. യുഎസ് പാര്‍ലമെന്റ് മന്ദിരമായി കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇംപീച്ച്‌മെന്റ് നടപടികള്‍.
ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സഭ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. കാപ്പിറ്റോളിന് നേരെ നടന്ന ആക്രമണത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ആരോപിച്ച് 'കലാപത്തിന് പ്രേരിപ്പിക്കുക' എന്ന പ്രമേയത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ഇതിന് ശേഷം വോട്ടെടുപ്പ് നടക്കും. ഈ പ്രക്രിയ കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനിടെ ജനപ്രതിനിധി സഭ രണ്ടുതവണ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ഏക അമേരിക്കന്‍ പ്രസിഡന്റായി മാറും ട്രംപ്. യുഎസ് ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം.
ഇന്ന് ഇംപീച്ച്‌മെന്റ് പ്രമേയം പാസായാലും ട്രംപിന് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാക്കാനാകും. സെനറ്റിന്റെ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയായാലെ സ്ഥാനം നഷ്ടമാകുകയുള്ളൂ. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷ വേണം. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി പിന്തുണച്ചാലെ സെനറ്റില്‍ ട്രംപിനെതിരെ കുറ്റം ചുമത്താനാകൂ.
നേരത്തെ 2019 ഡിസംബറില്‍ ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നു. എന്നാല്‍ സെനറ്റിലെ വോട്ടെടുപ്പിലൂടെ അന്ന് രക്ഷപ്പെട്ടു. ജനുവരി 20-നാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കുക.
ഇതിനിടെ സ്ഥാനമൊഴിയുന്നതിന് മുമ്പായി ട്രംപിനെ പുറത്താക്കാനുള്ള നീക്കവും ഡെമോക്രാറ്റുകള്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പ്രസിഡന്റിനെ പുറത്താക്കാന്‍ ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇതിനായുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചപ്പോള്‍ 223 അംഗങ്ങള്‍ പ്രമയേത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 205 പേര്‍ പ്രമേയത്തെ എതിര്‍ത്തു.
എന്നാല്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഈ നിര്‍ദേശം തള്ളി. പ്രസിഡന്റിനെ പുറത്താക്കാനുള്ള ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് പറഞ്ഞ പെന്‍സ് സമാധാനപരമായ അധികാര കൈമാറ്റമാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
Content Highlights: US House Of Representatives Opens Trump Impeachment Session
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..