പ്രതീകാത്മക ചിത്രം
ന്യൂയോര്‍ക്ക്: ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ (എഫ്.എ.എ) കംപ്യൂട്ടര്‍ സംവിധാനത്തിലെ തകരാര്‍ കാരണം യു.എസില്‍ നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു. സാങ്കേതിക തകരാര്‍ പരിഹരിച്ചതിന് പിന്നാലെയാണ് സര്‍വീസുകള്‍ സാധാരണ നിലയിലേക്കെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ആഭ്യന്തര സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ പുനരാരംഭിച്ചത്. അന്താരാഷ്ട്ര സര്‍വീസുകളും ഉടന്‍ പുനരാരംഭിക്കും.
വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൈലറ്റുമാര്‍ക്കും കാബിന് ക്രൂവിനും നല്കുന്ന നോട്ടാം സംവിധാനം തകരാറിലായതോടെയാണ് യു.എസ് വ്യോമഗതാഗത മേഖല ഒന്നാകെ സ്തംഭിച്ചത്. കാലാവസ്ഥാ മുന്നറിയിപ്പ്, റണ്‍വേയിലെ പ്രശ്നങ്ങള്‍, ആകാശത്തെ പക്ഷി സാന്നിധ്യം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൈലറ്റിന് കൈമാറുന്ന സംവിധാനമാണിത്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30) കംപ്യൂട്ടര്‍ സംവിധാനത്തിലെ തകരാര്‍ എഫ്.എ.എ. കണ്ടെത്തിയത്. തുടര്‍ന്ന് എല്ലാ സര്‍വീസുകളും നിര്‍ത്താന്‍ വിമാനകമ്പനികളോടു നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ 9600 വിമാനങ്ങള്‍ വൈകുകയും 1300 സര്‍വീസുകള്‍ റദാക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയോടെയാണ് സാങ്കേതിക പ്രശ്നം പരിഹരിക്കാനായത്. അതേസമയം, സാങ്കേതിക പ്രശ്നങ്ങള്‍ക്ക് കാരണമെന്താണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
പ്രശ്നങ്ങള്‍ക്ക് കാരണം സൈബര്‍ ആക്രമണമാണോ എന്നതിന് തെളിവുകിട്ടിയിട്ടില്ലെന്നും പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരം സംഭവത്തെക്കുറിച്ച് ഗതാഗത വകുപ്പ് അന്വേഷിക്കുകയാണന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരിന് ജീന്‍ പിയെറി പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ യു.എസില്‍ വിമാനങ്ങള്‍ ഒന്നിച്ച് നിലത്തിറക്കുന്നതും ഇതാദ്യമാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ സമയത്താണ് ഇതിനുമുമ്പ് യു.എസില്‍ ഇത്തരത്തില്‍ വിമാന സര്‍വീസ് ഒന്നാകെ സ്തംഭിച്ചിരുന്നത്.
Content Highlights: US Flight Operations have gradually resumed after the unprecedented disruption
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..