ജോ ബൈഡൻ |Photo:AFP
വാഷിങ്ടണ്‍: നിര്‍ണായക സംസ്ഥാനങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയതിന് പിന്നാലെ വിജയ പ്രഖ്യാപനവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. 'ഞങ്ങള്‍ ഇതുവരെ വിജയത്തിന്റെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല. പക്ഷേ അക്കങ്ങള്‍ അക്കാര്യം വ്യക്തമാക്കുന്നു' ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
'ഞങ്ങള്‍ ഈ മത്സരത്തില്‍ വിജയിക്കാന്‍ പോകുന്നു. ഇന്നലെ മുതല്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും 24 മണിക്കൂര്‍ മുമ്പ് ഞങ്ങള്‍ പിന്നിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ മുന്നിലാണ്. നെവാദയിലും അരിസോണയിലും ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നു. നെവാഡയില്‍ ഭൂരിപക്ഷം ഇരട്ടിയായി. മുന്നൂറിലധികം ഇലക്ട്രല്‍ വോട്ടുകള്‍ നേടി ഞങ്ങള്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. ഈ രാജ്യത്തിന്റെ പിന്തുണയോടെ ഞങ്ങള്‍ ജയിക്കും' ബൈഡന്‍ പറഞ്ഞു.
ഫലം പൂര്‍ണ്ണമാകാത്ത ജോര്‍ജിയ, പെന്‍സില്‍വാനിയ, നെവാഡ എന്നിവിടങ്ങളില്‍ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിലാണ്. നോര്‍ത്ത് കരോലൈനയിലും അലാസ്‌കയിലും മാത്രമാണ് ട്രംപ് മുന്നിലുള്ളത്. 264 സീറ്റുകള്‍ ഇതിനോടകം നേടിയിട്ടുള്ള ബൈഡന് നിലവില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ നേടാനായാല്‍ 306 ഇലക്ട്രല്‍ വോട്ടുകള്‍ നേടി വൈറ്റ്ഹൗസിലേക്ക് പോകാം. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 214 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് ട്രംപ് ഇതുവരെ നേടിയിട്ടുള്ളത്.
അരിസോണയില്‍ 24 വര്‍ഷത്തിന് ശേഷവും ജോര്‍ജിയയില്‍ 28 വര്‍ഷത്തിന് ശേഷവും ആദ്യമായിട്ടാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി വിജയിക്കാന്‍ പോകുന്നതെന്ന് ബൈഡന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
കടുത്ത തിരഞ്ഞെടുപ്പിന് ശേഷം പിരിമുറുക്കങ്ങള്‍ കൂടുതലാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ നമ്മള്‍ ശാന്തത പാലിക്കേണ്ടതുണ്ടെന്നും ട്രംപിനെ പരോക്ഷമായി ലക്ഷ്യമിട്ടുകൊണ്ട് ബൈഡന്‍ പറഞ്ഞു. നമ്മുടെ രാഷ്ട്രീയത്തിന്റെ ലക്ഷ്യം തീര്‍ത്തും കഠിനമായ യുദ്ധമല്ലെന്ന് നാമോര്‍ക്കണം. നമ്മള്‍ എതിരാളികളായിരിക്കാം എന്നാല്‍ നമ്മള്‍ ശത്രുക്കളല്ല. അമേരിക്കക്കാരാണെന്നും ബൈഡന്‍ പറഞ്ഞു.
Content Highlights: us election result-joe biden-donald trump
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..