ഡൊണാൾഡ് ട്രംപും ജോ ബൈഡനും
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരം നിലനിര്‍ത്താന്‍ കഴിയുമോ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെ ജനം പിന്തുണയ്ക്കുമോ എന്ന് വ്യക്തമാകുന്ന തിരഞ്ഞെടുപ്പിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. അഭിപ്രായ സര്‍വേകള്‍ മിക്കതും ബൈഡനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍ ട്രംപും ആത്മവിശ്വാസത്തിലാണ്.
അമേരിക്കയില്‍ 2,31,000 ത്തിലധികം പേര്‍ മരിക്കാനിടയായ കോവിഡ് മഹാമാരിക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കണമെന്നും രാജ്യത്തിന് പുതിയ നേതൃത്വം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ബൈഡന്‍ പ്രചാരണം നടത്തിയത്. എന്നാല്‍ നമ്മള്‍ വീണ്ടും വിജയിക്കുമെന്ന ആത്മവിശ്വാസമാണ് മിഷിഗണില്‍ ജനക്കൂട്ടത്തിനു മുന്നില്‍ കഴിഞ്ഞ ദിവസവും ട്രംപ് പ്രകടിപ്പിച്ചത്. നാം വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ പോകുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
സാമൂഹ്യ അകലം ഉറപ്പാക്കി ആയിരുന്നു ബൈഡന്റെ തിരഞ്ഞെടുപ്പ് റാലികള്‍. വളരെ ചെറിയ ജനക്കൂട്ടമാണ് മിക്ക റാലികളിലും ഉണ്ടായിരുന്നത്. അതേസമയം ട്രംപിന്റെ റാലികളില്‍ മാസ്‌ക് പോലും ധരിക്കാതെ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ട്രംപിന് ബാഗ് അടുക്കി വീട്ടില്‍ പോകാന്‍ സമയമായെന്ന് ബൈഡന്‍ ചൊവ്വാഴ്ച തന്റെ അനുകൂലികളോട് പറഞ്ഞിരുന്നു. ഡെമോക്രാറ്റുകളാണ് നേരത്തെ വോട്ടുചെയ്തതെന്നാണ് ട്രംപ് പക്ഷം കരുതുന്നത്. ചൊവ്വാഴ്ച റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ വന്‍തോതില്‍ വോട്ടു ചെയ്യുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
തിരഞ്ഞെടുപ്പ് നടത്തിപ്പുരീതിയും വോട്ടിങ് സമയവും ഓരോ സംസ്ഥാനങ്ങളിലും വേറിട്ടിരിക്കും. കിഴക്കന്‍ സംസ്ഥാനങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വെര്‍ജീനിയ, കണക്ടിക്കട്ട്, മെയിന്‍ എന്നിവിടങ്ങളില്‍ പ്രാദേശിക സമയം പുലര്‍ച്ചെ ആറിനുതന്നെ വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പിന് ശേഷം സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആശങ്ക പരന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടാല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നടപടി ആവശ്യമാണെന്നും ട്രംപ് തന്നെ ട്വീറ്റ് ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് ഔദ്യോഗികമായി ഇന്നാണെങ്കിലും അമേരിക്കയിലെ പത്തു കോടിയിലധികം പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തി. മെയില്‍ - ഇന്‍ വോട്ടിങ് സംവിധാനമാണ് നിരവധി അമേരിക്കക്കാര്‍ ഇതിനകം പ്രയോജനപ്പെടുത്തിയത്. അതായത്, 2016 ലെ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ പോളിങ്ങിന്റെ നല്ലൊരുഭാഗം ഇപ്പോള്‍തന്നെ നടന്നുകഴിഞ്ഞു. പുതിയ വോട്ടര്‍മാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. തപാല്‍ വോട്ടുകളുടെ എണ്ണം കൂടിയതിനാല്‍ വോട്ടുകള്‍ എണ്ണുന്നതില്‍ കാലതാമസമുണ്ടാകാനിടയുണ്ട്. അതിനാല്‍, ഫലം എന്നറിയാമെന്ന കാര്യത്തില്‍ ഇത്തവണ തീര്‍ച്ചയില്ല.
Content Highlights: US Election day begins
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..