വാഷിങ്ടണ്‍: വോട്ടെണ്ണല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ക്ഷുഭിതരായ ട്രംപ് അനുകൂലികള്‍ മിഷിഗനിലെയും അരിസോണയിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തടിച്ചുകൂടി. പ്രധാനപ്പെട്ട രണ്ടു സംസ്ഥാനങ്ങളില്‍നിന്നുളള ഫലം ബുധനാഴ്ച ട്രംപിന് പ്രതികൂലമായതോടെയാണ് വോട്ടെണ്ണല്‍ നിര്‍ത്തണമെന്നും തട്ടിപ്പ് അവസാനിപ്പിക്കണമെന്നും മുദ്രാവാക്യം മുഴക്കി ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കെത്തിയത്. 

തപാല്‍ ബാലറ്റുകളുടെ കാര്യത്തില്‍ ട്രംപ് സംശയം പ്രകടിപ്പിക്കുകയും നിരവധി സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ കേസ് കൊടുക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. 

തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലെ വോട്ടെണ്ണല്‍ നടപടികളുടെ തത്സമയ സംപ്രേക്ഷണം നല്‍കുന്നുണ്ട്. തന്നെയുമല്ല, ബാലറ്റുകള്‍ എണ്ണുമ്പോള്‍ ഇരുപക്ഷത്തിന്റെയും നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നതും. തിരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തെ രണ്ടു ഉന്നതോദ്യോഗസ്ഥര്‍ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ഡെമോക്രാറ്റും മറ്റേയാള്‍ റിപ്പബ്ലിക്കനുമാണ്,

തപാല്‍ വോട്ടുകള, വ്യക്തി നേരിട്ട് ചെയ്തതോ ആകട്ടെ എല്ലാ വോട്ടുകളും എണ്ണണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഡെമോക്രാറ്റിക് സൂപ്പര്‍വൈസര്‍ സ്റ്റീവ് ഗല്ലാര്‍ഡോയും മരികോപ കൗണ്ടി ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേഴ്‌സ് ജിഒപി ചെയര്‍മാനായ ക്ലിന്റ് ഹിക്ക്മാനും ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നു. 'കൃത്യമായ വോട്ടെണ്ണലിന് സമയമെടുക്കും. ഇത് ജനാധിപത്യത്തിന്റെ തെളിവാണ്, വഞ്ചനയല്ല.' 

അതേസമയം, ന്യൂയോര്‍ക്ക് സിറ്റി മുതല്‍ സിയാറ്റില്‍ വരെ ആയിരക്കണക്കിന് ഡെമോക്രാറ്റുകള്‍ എല്ലാ വോട്ടുകളും എണ്ണണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. 

Content Highlights:US Election 2020: Trump Supporters march to vote counting centres