ബെർണി സാൻഡേഴ്സ് | Photo: Screengrab
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് എങ്ങനെയായിത്തീരുമെന്നും അതിനോടുളള ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം എന്തായിരിക്കുമെന്നും മുതിർന്ന ഡെമോക്രാറ്റിക് സെനറ്റർ ബെർണി സാൻഡേഴ്സ് നടത്തിയ നിരീക്ഷണം അക്ഷരംപ്രതി സത്യമായതിന്റെ അമ്പരപ്പിലാണ് അമേരിക്കക്കാർ.
അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇത്തവണ തപാൽ ബാലറ്റുകളുടെ പ്രവാഹം ഉണ്ടാകുമെന്നും അതിനാൽ വോട്ടെണ്ണൽ നടപടികൾക്ക് താമസമുണ്ടാകുമെന്നും ബെർണി അഭിപ്രായപ്പെട്ടിരുന്നു. 'പെൻസിൽവാനിയ, മിഷിഗൻ, വിസ്കോൺസിൻ സംസ്ഥാനങ്ങളിൽ വലിയ തോതിൽ തപാൽ വോട്ടുകൾ ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. ദശലക്ഷക്കണക്കിന് തപാൽ ബാലറ്റുകൾ സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യേണ്ടതായി വരും.' ബെർണി പറഞ്ഞു. ഡെമോക്രാറ്റ്സ് തപാൽ ബാലറ്റുകൾ ചെയ്യാനാണ് കൂടുതൽ സാധ്യതയെന്നും അതേസമയം റിപ്പബ്ലിക്കൻ പോളിങ് ബൂത്തിൽ തിരഞ്ഞെടുപ്പ് ദിവസം പോയി വോട്ടുചെയ്യാനുമാമണ് സാധ്യതയന്നും അദ്ദേഹം പറയുന്നുണ്ട്.
'തിരഞ്ഞെടുപ്പ് ദിനംരാത്രി 10 മണിയാകുന്നതോടെ ട്രംപ് മിഷിഗനിൽ വിജയിക്കുന്നു, പെൻസിൽവാനിയയിൽ വിജയിക്കുന്നു, വിസ്കോൺസിനിൽ വിജയിക്കുന്നു. തുടർന്ന് എന്നെ വീണ്ടും തിരഞ്ഞെടുത്തതിന് നന്ദി, അതെല്ലാം കഴിഞ്ഞിരിക്കുന്നു, എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു എന്നുപറഞ്ഞ് ടെലിവിഷനിൽ പ്രത്യക്ഷപ്പെടും.' എന്ന് ബെർണി അഭിമുഖത്തിൽ പറയുന്നുണ്ട്.
സമാനസംഭവങ്ങൾക്കാണ് കഴിഞ്ഞ ദിവസം ലോകം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണൽ പൂർത്തിയാകും മുമ്പുതന്നെ സ്വയം വിജയിയായി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൈസിൽ പുലർച്ചെ 2.30ന് ട്രംപ് വാർത്താ സമ്മേളനം നടത്തിയിരുന്നു. പുലർച്ചെ നാലിന് ശേഷം ലഭിച്ച ബാലറ്റുകൾ എണ്ണുന്നത് തടയുന്നതിന് വേണ്ടി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബറിൽ നൽകിയ അഭിമുഖത്തിൽ ബാലറ്റ് വോട്ടുകൾ കൂടുതലുളള സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിക്കുമെന്നും ഇത് വഞ്ചനയാണെന്നാരോപിച്ച് ട്രംപ് പ്രതികരിക്കുമെന്നും ബെർണി പറയുന്നുണ്ട്. 'തപാൽ ബാലറ്റുകൾ എല്ലാം എണ്ണിത്തീരുമ്പോൾ ആ സംസ്ഥാനങ്ങൾ ബൈഡൻ വിജയിക്കുകയും താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ട്രംപ് ആവർത്തിക്കും. ഞങ്ങൾ ഓഫീസ് വിടാൻ പോകുന്നില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യും.'
ബെർണി പറഞ്ഞതുപോലെ, മിഷിഗണിലും വിസ്കോൺസിനിലും ബൈഡൻ വിജയിച്ചതോടെ ഫലം താൻ അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തി. വിസ്കോൺസിനിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്നുപോലും ട്രംപ് ആവശ്യപ്പെട്ടു. ബെർണി നടത്തിയ പ്രചവനം സത്യമായതോടെ അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 27 ദശലക്ഷം വ്യൂസാണ് വീഡിയോ നേടിയത്.
Content Highlights:US Election 2020: Bernie Sanders prediction video viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..