വാഷിങ്ടണ്‍: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന് യുഎസില്‍ അടിയന്തര വിതരണാനുമതിക്കായി കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. കോവാക്‌സിന്റെ യുഎസിലെ വിതരണപങ്കാളിയായ ഓക്യുജെന്നിനോട് വാക്‌സിനെ സംബന്ധിച്ചുള്ള അധികവിവരങ്ങള്‍ കാട്ടി ബയോളജിക്‌സ് ലൈസന്‍സ് ആപ്ലിക്കേഷന്‍(ബിഎല്‍എ) നേടാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കി. കോവാക്‌സിന് അടിയന്തരവിതരണാനുമതി തേടി ഓക്യുജെന്‍ നല്‍കിയ അപേക്ഷ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ)നിരസിച്ച് കൊണ്ടാണ് നിര്‍ദേശം നല്‍കിയതെന്നാണ് സൂചന. 

കോവാക്‌സിന്‍ വിതരണത്തിനായി ബിഎല്‍എ നേടാനുള്ള നടപടി വൈകാതെ ആരംഭിക്കുമെന്ന് ഓക്യുജെന്‍ വ്യാഴാഴ്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഒരു ഉത്പന്നത്തിന് പൂര്‍ണ ഉപയോഗാനുമതി നല്‍കുന്ന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ സംവിധാനമാണ് ബിഎല്‍എ. അടിയന്തര ഉപയോഗാനുമതിക്കുള്ള അപേക്ഷയാണ് കമ്പനി സമര്‍പ്പിച്ചതെന്നും എന്നാല്‍ പൂര്‍ണ ഉപയോഗാനുമതിക്കുള്ള അപേക്ഷ നല്‍കാന്‍ എഫ്ഡിഎ നിര്‍ദേശിച്ചതായും ഓക്യുജെന്‍ അറിയിച്ചു. അധികവിവരം ഉള്‍പ്പെടുത്തി പുതിയ അപേക്ഷ നല്‍കുമെന്നും നടപടിയ്ക്ക് കാലതാമസം നേരിടാമെന്നതിനാല്‍ കോവാക്‌സിന്റെ യുഎസിലെ വിതരണം വൈകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 

വാക്‌സിന്റെ അധികവിവരം സംബന്ധിച്ച് എഫ്ഡിഎയുമായി ഓക്യുജെന്‍ ചര്‍ച്ച നടത്തിവരികയാണ്. അധിക ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിവരവും പുതിയ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നാണ് സൂചന. ഡെല്‍റ്റ വകഭേദമുള്‍പ്പെടെ കോവിഡ് വൈറസിന്റെ വിവിധ വകഭേദങ്ങളെ ദീര്‍ഘകാലയളവിലേക്ക് ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് കോവാക്‌സിനെന്നും ഓക്യുജെന്‍ പറഞ്ഞു. 

കാനഡയില്‍ കോവാക്‌സിന്റെ വാണിജ്യാടിസ്ഥാനത്തിനുള്ള വിതരണാവകാശം നേടിയതായും കാനഡയിലെ ആരോഗ്യവകുപ്പുമായി വിതരണം സംബന്ധിച്ച ചര്‍ച്ച നടത്തിവരികയാണെന്നും ഓക്യുജെന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കാനഡയില്‍ കോവിഡുമായി ബന്ധപ്പെട്ട് കോവാക്‌സിന്റെ പരസ്യം, ഇറക്കുമതി, വില്‍പന എന്നിവയ്ക്ക് വേണ്ടിയുള്ള ഇടക്കാല അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് ഓക്യുജെന്‍. 

 

 

Content Highlights: US Delays Use Of India Made COVID-19 Vaccine Covaxin