വാഷിംഗ്ടണ്‍: സാറ്റലൈറ്റ് കരാര്‍ റദ്ദാക്കിയതിന് ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍, ബെംഗളൂരു ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയ കമ്പനിക്ക് 8949 കോടി രൂപ(120 കോടി യു.എസ്. ഡോളര്‍) നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ്. കോടതി.

 ഒക്ടോബര്‍ 27-ന് സിയാറ്റിലിലെ വാഷിങ്ണ്‍ ഡിസ്ട്രിക്ട് ജഡ്ജ് തോമസ് എസ് സില്ലി ആണ് വിധി പുറപ്പെടുവിച്ചത്. 56.25 കോടി ഡോളര്‍ ആണ് നഷ്ടപരിഹാരത്തുക ചുമത്തിയത്. പലിശ അടക്കമാണ് 120 കോടി യു.എസ്. ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്..

രണ്ട് ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനും വിക്ഷേപിക്കാനും പ്രവര്‍ത്തിപ്പിക്കാനും 70 മെഗാഹെര്‍ട്സ് എസ്-ബാന്‍ഡ് സ്പെക്ട്രം ലഭ്യമാക്കാനും ആന്‍ട്രിക്സ് 2005 ജനുവരിയില്‍ ദേവാസുമായി കരാറിലേര്‍പ്പെട്ടിരുന്നു. ഇന്ത്യയിലുടനീളം ഹൈബ്രിഡ് സാറ്റലൈറ്റ്, ടെറസ്ട്രിയല്‍ കമ്മ്യൂണിക്കേഷന്‍ സേവനങ്ങളും  വാഗ്ദാനം ചെയ്യാന്‍ പദ്ധതിയിട്ടുള്ളതായിരുന്നു കരാര്‍.

എന്നാല്‍, 2011 ഫെബ്രുവരിയില്‍ ആന്‍ട്രിക്സ് ഈ കരാര്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ദേവാസ് ഇന്ത്യയിലെ നിയമസംവിധാനങ്ങളെ പ്രശ്നപരിഹാരത്തിന് സമീപിച്ചിരുന്നു. സുപ്രീം കോടതി ഇതിനായി ഒരു ട്രിബ്യൂണലിനെയും നിയോഗിച്ചു.

അധികാരപരിധിയിലുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 2018 നവംബറില്‍ കേസ് തള്ളണമെന്ന് ആന്‍ട്രിക്സ് അമേരിക്കൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ്  ഒരു വര്‍ഷത്തോളം സ്റ്റേ ചെയ്തു. 2020 ഏപ്രില്‍ 15-നകം ഇരുവരും സംയുക്ത സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംയുക്ത റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

ആന്‍ട്രിക്സ് അമേരിക്കയിലുടനീളം വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളന്നതിനാല്‍ ഈ കേസുകളില്‍ യു.എസ്. കോടതിക്ക് അധികാരമുണ്ടെന്നായിരുന്നു ദേവാസിന്റെ വാദം. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള പ്ലാനറ്ററി റിസോഴ്‌സസായ റെഡ്മണ്ടിനായി 2018-ല്‍ ആന്‍ട്രിക്സ് ഉപഗ്രഹം വിക്ഷേപിച്ചത് ദേവാസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മൂന്ന് വ്യത്യസ്ത അന്താരാഷ്ട്ര ട്രൈബ്യൂണലുകളും ഒമ്പത് വ്യത്യസ്ത മദ്ധ്യസ്ഥരും  ദേവാസുമായുള്ള കരാര്‍ ആന്‍ട്രിക്സ് അവസാനിപ്പിച്ചത്  തെറ്റാണെന്ന് കണ്ടെത്തിയതായി യു.എസ്. ജില്ലാ കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരാര്‍ അവസാനിപ്പിച്ചതിനെ വിശ്വാസത്തിന്റെ വ്യക്തമായ ലംഘനമാണെന്നാണ് ട്രിബ്യൂണലുകള്‍  വിശേഷിപ്പിച്ചതെന്നും കോടതി നിരീക്ഷിച്ചു.

content highlights: US Court Asks ISRO's Commercial Arm To Pay 8949 crores To Bengaluru Firm