ബെയ്ജിങ്: അഫ്ഗാനിസ്താന്‍ വിഷയത്തില്‍ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. സംഘര്‍ഷഭരിതമായ ഈ അവസ്ഥയില്‍ അമേരിക്ക അഫ്ഗാനിസ്താനെ ഉപേക്ഷിച്ച് പോകരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. അഫ്ഗാന്‍ വിഷയത്തിന്റെ മൂലകാരണവും പുറമേനിന്നുള്ള പ്രധാനഘടകവും അമേരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ അമേരിക്കയ്ക്ക് അഫ്ഗാന്‍ വിട്ട് ഓടിപ്പോകാനാകില്ലെന്നും വാങ് വെന്‍ബിന്‍ പറഞ്ഞു. 

രാജ്യത്ത് സ്ഥിരതയും പുനര്‍നിര്‍മാണവും നടത്താന്‍ അമേരിക്കയുടെ ഇടപെടലുണ്ടാകണം. സംഘര്‍ഷം ഒഴിവാക്കി സമാധാനപരമായ ജനജീവിതം ഉറപ്പാക്കുന്നതിനും അമേരിക്കയുടെ സഹായം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് അമേരിക്ക ഉറപ്പ് നല്‍കിയത് പോലെ സമാധാനം പുനഃസ്ഥാപിക്കാനും രാജ്യത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാനും മാനുഷിക പരിഗണന നല്‍കാനും മുന്‍കൈയെടുക്കണം. താലിബാന്‍ ഉള്‍പ്പെടെയുള്ളവരുമായി സഹകരിച്ച് അഫ്ഗാന്‍ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാനുള്ള സന്നദ്ധതയും ചൈന അറിയിച്ചു.

അതേസമയം അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സൈനികര്‍ പൗരന്‍മാരുടെ മടക്കത്തിന്റെ പേരില്‍ രാജ്യത്ത് തങ്ങുന്നതിനെ ഒരു കാരണവശാലും ഈ മാസം അവസാനത്തിന് ശേഷം അനുവദിക്കില്ലെന്നാണ് താലിബാന്റെ നിലപാട്. പൗരന്‍മാരെ ഓഗസ്റ്റ് 31ന് മുന്‍പ് തിരികെ എത്തിക്കാനും സൈനികരുടെ പിന്‍മാറ്റം ഉറപ്പ് വരുത്താന്‍ തയ്യാറാകാതിരിക്കുകയും ചെയ്താല്‍ പ്രത്യാഖാതമുണ്ടാകുമെന്നും താലിബാന്‍ താക്കീത് നല്‍കിയിരുന്നു.

അഫ്ഗാനലില്‍ കുടുങ്ങിക്കിടക്കുന്ന യു.എസ്. പൗരന്മാരെയും അഫ്ഗാന്‍ സഖ്യകക്ഷികളുടെ പൗരന്മാരെയും രക്ഷൗദൗത്യത്തിന്റെ ഭാഗമായി പുറത്തെത്തിക്കുന്നത് ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

അഫ്ഗാനിസ്താന്റെ ഒട്ടുമിക്ക പ്രദേശങ്ങളും താലിബാന്‍ വളരെ വേഗത്തില്‍ കീഴടക്കിയതിനെത്തുടര്‍ന്ന് അവിടെനിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. അഫ്ഗാന്‍ വിടുന്നത് ഓഗസ്റ്റ് 31-ന് അപ്പുറത്തേക്ക് നീളുമെന്ന് വിദേശരാജ്യങ്ങളുടെ സൈന്യങ്ങള്‍ അറിയിച്ചിട്ടില്ലെന്ന് നേരത്തെ താലിബാന്‍ പറഞ്ഞിരുന്നു. 

Content Highlights: US cannot Leave Afghanistan like this says China