ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ കമ്പനികളുടെ കുത്തക തകര്‍ക്കുന്ന നിര്‍ണായക തീരുമാനവുമായി അമേരിക്ക. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു. വാക്‌സിന്‍ കമ്പനികളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് തീരുമാനം.

വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം കോവിഡ് വാക്‌സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ ഇന്ത്യയാണ് ലോകവ്യാപാര സംഘനയ്ക്കുള്ളില്‍, കൂടുതല്‍ മരുന്നു കമ്പനികളെ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. എന്നാല്‍ വാക്‌സിന്‍ ഉത്പാദക കമ്പനികള്‍ ഇതിനെ എതിര്‍ത്തു. 

ഫൈസര്‍, മൊഡേണ അടക്കമുള്ള കമ്പനികള്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, അതെല്ലാം തള്ളിക്കൊണ്ടാണ് അസാധാരണ ഘട്ടത്തില്‍ അസാധാരണ തീരുമാനം അനിവാര്യമാകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. 

തീരുമാനം ലോകവ്യാപാര സംഘനയെ അറിയിക്കും. അമേരിക്കന്‍ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം ചരിത്രപരമെന്ന് പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നിമിഷമെന്നും വിശേഷിപ്പിച്ചു.

Content Highlights: US Backs Covid Vaccine Patent Waiver Plan Proposed By India, South Africa