വാഷിങ്ടൺ:  വീട്ടിലിരുന്ന സ്വയം കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയുന്ന ടെസ്റ്റിങ് കിറ്റിന് യുഎസ് അനുമതി നല്‍കി.

രാജ്യവ്യാപകമായി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ പരിശോധന നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് പുതിയ സംവിധാനം. ലൂസിറ ഹെല്‍ത്ത് ഇന്‍കോര്‍പ്പറേറ്റിന്റെ റാപ്പിഡ് റിസള്‍ട്ട് ഓള്‍-ഇന്‍-വണ്‍ ടെസ്റ്റ് കിറ്റിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍  നല്‍കിയത്.  

ലൂസിറ ടെസ്റ്റിലൂടെ സ്വന്തമായി സാമ്പിളെടുത്ത് ടെസ്റ്റിങ് യൂണിറ്റില്‍ വെച്ച് പരിശോധന സാധ്യമാകും. ഡോക്ടര്‍മാര്‍ക്കും ആശുപത്രികളിലുമെല്ലാം ഈ കിറ്റ് ഉപയോഗിച്ച് ഫലമറിയാനാകും. അതിനുള്ള അനുമതിയുമുണ്ട്.

ചില കോവിഡ് ടെസ്റ്റുകള്‍ക്ക് വീട്ടില്‍ നിന്ന് സാമ്പിള്‍ നല്‍കാൻ നിലവിൽ സൗകര്യങ്ങളുണ്ടെങ്കിലും സാമ്പിളെടുത്ത്  30 മിനിറ്റോ അതില്‍ കുറവോ സമയത്തിനുള്ളില്‍ സ്വന്തമായി ഫലമറിയാന്‍ കഴിയുന്ന തരത്തിലുള്ള ആദ്യത്തെ ടെസ്റ്റിങ് കിറ്റാണിത്. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം യുഎസ്സില്‍ രൂക്ഷമായതോടെ ടെസ്റ്റിങ് ലാബുകളില്‍ സാമ്പിളുകളുടെ ബാഹുല്യമാണ്. സ്വയം ടെസ്റ്റ് ചെയ്യാനുള്ള അനുമതി ലഭിക്കുന്നതോടെ ആ ബാഹുല്യത്തിന് കുറവ് വരുത്താനാവും. 

തെറ്റായ ഫലങ്ങള്‍ക്കുള്ള സാധ്യതയുള്ളതിനാല്‍ ലോകമാകെ ഈ ടെസ്റ്റിങ് മാര്‍ഗ്ഗം സ്വീകരിക്കുന്നില്ല. മാത്രവുമല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയേക്കാം എന്ന പരിമിതിയുമുണ്ട്.

content highlights: US approves first self-testing kit for detecting Covid