ഭീകരാക്രമണത്തിൽ താജ് ഹോട്ടലിൽ തീപടർന്നപ്പോൾ (ഫയൽ) |Photo:AP
വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ (37 കോടിയോളം രൂപ) ഇനാം പ്രഖ്യാപിച്ച് അമേരിക്ക. സാജിദ് മിറിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് പ്രതിഫലം നല്‍കുക. മുംബൈ ഭീകരാക്രമണം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് യുഎസിന്റെ ഈ പ്രഖ്യാപനം.
'2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദിയാണ് സാജിദ് മിര്‍. സാജിദ് മിര്‍ ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനായുള്ള വിവരങ്ങള്‍ക്ക് അഞ്ച് ദശലക്ഷം യുഎസ് ഡോളര്‍ വരെ വാഗ്ദ്ധാനം ചെയ്യുന്നു' യുഎസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം പ്രസ്താവനയില്‍ അറിയിച്ചു.
2008 നവംബര്‍ 26-നാണ് പത്ത് ലഷ്‌കര്‍ ഭീകരവാദികള്‍ മുംബൈയുടെ പല ഭാഗങ്ങളിലായി ആക്രമണം നടത്തിയത്. താജ്മഹല്‍ ഹോട്ടല്‍, ഒബ്‌റോയി ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന്‍ ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണം നടത്തിയ ഒമ്പത് തീവ്രവാദികളെ കൊലപ്പെടുത്തുകയും രക്ഷപ്പെട്ട അജ്മല്‍ അമീര്‍ കസബിനെ പിടികൂടി വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്റ ഓപ്പറേഷന്‍ മാനേജറായിരുനനു സാജിദ് മിര്‍. പദ്ധതി നടപ്പാക്കുന്നതിലും തയ്യാറെടുപ്പുകളിലും മിറിന് വ്യക്തമായ പങ്കുണ്ട്. യുഎസിലെ രണ്ട് ജില്ലാ കോടതികളില്‍ മിറിനെതിരെ 2011-ല്‍ കേസെടുത്തിട്ടുണ്ട്. 2011- ഏപ്രില്‍ 22-ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2019-ല്‍ എഫ്ബിഐയുടെ കൊടുംതീവ്രവാദികളുടെ പട്ടികയില്‍ മിറിനെ ഉള്‍പ്പെടുത്തിയെന്നും യുഎസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാമിന്റെ പ്രസ്താവനയില്‍ പറയുന്നു.
Content Highlights: US Announces Reward Of Up To $5 Million For Information On 26/11 Attack Mastermind
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..