കാബൂള്‍:അഫ്ഗാനിസ്താനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോള്‍ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനിലെ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്കയും ജര്‍മനിയും. കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് തങ്ങളുടെ പൗരന്മാര്‍ക്ക് ഇരുരാജ്യങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം. 

താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത ചൂടും പൊടിയും വകവെക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് കാബൂള്‍ വിമാനത്താവളത്തിലേക്ക് രാജ്യം വിടാനുള്ള വിമാനം തേടി എത്തുന്നത്.

യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരെ വഴിയില്‍ തടഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ താലിബാന്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ റണ്‍വേയിലും പരിസരത്തുമായി കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാറ്റോയും താലിബാനും അറിയിക്കുന്നത്. 

'കാബൂള്‍ വിമാനത്താവളത്തിലെ കവാടങ്ങള്‍ക്ക് പുറത്ത് സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍, യുഎസ് സര്‍ക്കാര്‍ പ്രതിനിധികളുടെ വ്യക്തിഗത നിര്‍ദ്ദേശം ലഭിക്കാത്തപക്ഷം വിമാനത്താവളത്തിലേക്ക് യാത്ര ഒഴിവാക്കാന്‍ ഞങ്ങള്‍ യു.എസ്. പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു,' യു.എസ്. എംബസി വക്താവ് അറിയിച്ചു.

പൗരന്മാര്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നത് ജര്‍മന്‍ എംബസിയും വിലക്കിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് താലിബാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും അതിനാല്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി ഇമെയിലിലൂടെയാണ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

സുരക്ഷാഭീഷണി തള്ളിക്കളയാനാവില്ലെന്നും രാജ്യത്ത് നിന്ന് പോകാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് ഈ ആഴ്ചയോടെ തന്നെ അതിനുള്ള സാഹചര്യം മെച്ചപ്പെടുത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് സംസാരിച്ച ഒരു താലിബാന്‍ പ്രതിനിധി പറഞ്ഞു.

അതേസമയം അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ താലിബാന്‍ വേഗത്തിലാക്കിയിരിക്കുകയാണ്. താലിബാന്‍ സഹസ്ഥാപകനായ മുല്ല ബരാദര്‍ ശനിയാഴ്ച മറ്റ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി കാബൂളിലെത്തിയിരുന്നു.

Content Highlights: US and Germany advises their citizen not to travel to Kabul airport