ഭിമുഖീകരിക്കേണ്ടി വരുന്ന ഗുരുതര പ്രതിസന്ധികളും പ്രശ്‌നങ്ങളും അതിജീവിക്കാന്‍ മനുഷ്യസമൂഹത്തിന് നേതൃത്വവും കരുത്തും പകരുന്ന വ്യക്തിത്വങ്ങള്‍ക്ക് 'കറേജ് ആന്‍ഡ് സിവിലിറ്റി' അവാര്‍ഡ് (Courage and Civility Award) പ്രഖ്യാപിച്ച് ജെഫ് ബെസോസ്. തന്റെ ബഹിരാകാശ യാത്രയുടെ വിജയകരമായ പൂർത്തീകരണത്തെ രേഖപ്പെടുത്താനാണ് 100 മില്യണ്‍ ഡോളറിന്റെ (ഏകദേശം 750 കോടി രൂപ) പുരസ്കാരം. 

ബ്ലൂ ഒറിജിന്‍ കമ്പനിയുടെ വിജയകരമായ ആദ്യ ബഹിരാകാശ യാത്രയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബെസോസ് പുരസ്കാരം പ്രഖ്യാപിച്ചത്. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനായ വാന്‍ ജോണ്‍സും സെലിബ്രിറ്റി ഷെഫ് ജോസ് ആന്‍ഡ്രെസുമാണ് ആദ്യ പുരസ്‌കാര ജേതാക്കള്‍. ഇരുവര്‍ക്കും 100 മില്യണ്‍ ഡോളര്‍ വീതം നല്‍കും. 

വാന്‍ ജോണ്‍സിനും ജോസ് ആന്‍ഡ്രെസിനും തങ്ങളുടെ സമ്മാനത്തുക ഇഷ്ടമുള്ള രീതിയില്‍ കൈകാര്യം ചെയ്യാമെന്നും ബെസോസ് വ്യക്തമാക്കി. ഒരു സന്നദ്ധ സംഘടനയ്‌ക്കോ അല്ലെങ്കില്‍ പലര്‍ക്കുമായി അവാര്‍ഡ് തുക വീതിച്ച് നല്‍കുകയോ ചെയ്യാമെന്ന് ബെസോസ് അറിയിച്ചു. വരുംകാലത്തും കറേജ് ആന്‍ഡ് സിവിലിറ്റി അവാര്‍ഡ് നല്‍കുന്നത് തുടരുമെന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു. 

ജൂലായ് പതിനൊന്നിന് റിച്ചാര്‍ഡ് ബ്രാന്‍സന്‍ നടത്തിയ ബഹിരാകാശ യാത്രയ്ക്ക് പിന്നാലെയായിരുന്നു ആമസോണ്‍ സ്ഥാപകനായ ബെസോസിന്റെ യാത്ര. ബ്രാന്‍സണ്‍ 89 കിലോമീറ്റര്‍ ബഹിരാകാശ അതിര്‍ത്തി കടന്നപ്പോള്‍ ബെസോസും സംഘവും 100 കിലോമീറ്ററാണ് താണ്ടിയത്. ബ്രാന്‍സന്റേത് ആറംഘസംഘയാത്രയായിരുന്നു. മറ്റ് മൂന്ന് പേര്‍ക്കൊപ്പമായിരുന്നു ബെസോസിന്റെ യാത്ര.

ബഹിരാകാശ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായാണ് ഇരു ശതകോടീശ്വരന്‍മാരുടേയും യാത്ര. കോടികള്‍ ചെലവഴിച്ചുള്ള ഇവരുടെ യാത്രകള്‍ നിശിതമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. ആ പണം ഭൂമിയിലെ മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി ഉപയോഗിക്കണമെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. 

വാന്‍ ജോണ്‍സും ജോസ് ആന്‍ഡ്രെസും

അന്‍പത്തിരണ്ടുകാരനായ ജോസ് ആന്‍ഡ്രെസ് സ്‌പെയിന്‍ സ്വദേശിയും നിലവില്‍ യുഎസ് പൗരനുമാണ്. സെലിബ്രിറ്റി ഷെഫും മനുഷ്യ സ്‌നേഹിയുമാണ് അദ്ദേഹം. യുഎസിലെ വിവിധയിടങ്ങളില്‍ ആന്‍ഡ്രെസിന്റെ ഉടമസ്ഥതയില്‍ റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2010ല്‍ സ്ഥാപിച്ച 'വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍' (World Central Kitchen) എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് ആന്‍ഡ്രെസ്. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായ ഭക്ഷണം എത്തിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങള്‍ സംഘടന നടത്തുന്നു. 2010 ലെ ഹെയ്തി ഭൂകമ്പത്തെ തുടര്‍ന്നാണ് പൊതു അടുക്കള എന്ന ആശയം ആന്‍ഡ്രെസ് മുന്നോട്ട് വെച്ചത്. സംഘടന സാംബിയ, പെറു, ക്യൂബ, യുഗാണ്ട, കംബോഡിയ എന്നിവടങ്ങളില്‍ ഭക്ഷണവിതരണം നടത്തിയിരുന്നു. 

കോവിഡ് കാലത്തും സന്നദ്ധസംഘടന ഭക്ഷണവിതരണം തുടരുന്നുണ്ട്. കോവിഡ് വ്യപനസമയത്ത് ഇന്ത്യയിലും ആന്‍ഡ്രെസിന്റെ നേതൃത്വത്തില്‍ ഭക്ഷണസൗകര്യം ഒരുക്കിയിരുന്നു. പ്രാദേശിക ഷെഫുമാരുമായി ചേര്‍ന്നാണ് ആന്‍ഡ്രെസിന്റെ സൗജന്യഭക്ഷണവിതരണം. മനുഷ്യത്വപരമായ പ്രവര്‍ത്തനത്തിന് നേരത്തെയും വിവിധ പുരസ്‌കാരങ്ങള്‍ ആന്‍ഡ്രെസിനെ തേടിയെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും സ്വാധീന ശേഷിയുള്ള  നൂറ് വ്യക്തിത്വങ്ങളുടെ ടൈം മാസികാപട്ടികയില്‍ രണ്ട് തവണ ആന്‍ഡ്രെസ് ഉള്‍പ്പെട്ടിട്ടുണ്ട്. 

സിഎന്‍എന്നിന്റെ റിഡംപ്ഷന്‍ പോജക്ടായ വാന്‍ ജോണ്‍സ് ഷോയുടെ അവതാരകനും എഴുത്തുകാരനുമാണ് അന്‍പത്തിരണ്ടുകാരനായ വാന്‍ ജോണ്‍സ്. യുഎസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ പ്രത്യേക ഉപദേഷ്ടാവായി 2009 ല്‍ വാന്‍ ജോണ്‍സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് തവണ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനായിരുന്നു അദ്ദേഹം.

രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകനെന്ന നിലയില്‍ മനുഷ്യാവകാശത്തിനും സാമൂഹികനീതിക്കും വേണ്ടിയും വംശീയാധിക്ഷേപത്തിനെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തിയിട്ടുണ്ട്. വിവിധ സന്നദ്ധസംഘടനകള്‍ക്ക് വാന്‍ ജോണ്‍സ് രൂപം നല്‍കിയിട്ടുണ്ട്. അദ്ദേഹം ആരംഭിച്ച ഡ്രീം കോര്‍പ്‌സ് എന്ന സംഘടന സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ അവകാശ സംരക്ഷണത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്നു.

Content Highlights: Upon return from space Jeff Bezos announces $100 million 'Courage and Civility' award