ഹേഗ്: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി.  പുല്‍വാമ ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ സമിതി ഒറ്റക്കെട്ടായി പിന്തുണച്ചു. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് എടുത്തുപറഞ്ഞുള്ള പ്രമേയമാണ് സുരക്ഷാസമിതി പാസാക്കിയത്. ഫ്രാന്‍സ് ആണ് പ്രമേയത്തിന് മുന്‍കൈ എടുത്തത്. 

അതേസമയം പ്രമേയത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പേര് പറയുന്നതിനെയും കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന് രേഖപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായി നിലയുറപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര വേദികളില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി പ്രമേയം.

ഫെബ്രുവരി 14 ന് 40 ജമ്മുകശ്മീരില്‍ ഇന്ത്യന്‍ പാരാമിലിട്ടറി ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഹീനമായ ചാവേര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സുരരക്ഷാ സമിതി പ്രമേയത്തില്‍ പറയുന്നു. ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും പ്രമേയത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. 

അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാസമിതി തീരുമാനങ്ങളും മാനിച്ച് എല്ലാ രാജ്യങ്ങളും ഇന്ത്യന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എല്ലാ രാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കണമെന്ന വാക്കും പ്രമേയത്തില്‍ നിന്ന് ഒഴിവാക്കി കിട്ടാന്‍ ചൈന പരമാവധി ശ്രമം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പാക് ഭീകരനും ജെയ്‌ഷെ മുഹമ്മദ് സ്ഥാപകനുമായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതും ചൈനയാണ്. പുല്‍വാമ ആക്രമണത്തില്‍ ദുഃഖം അറിയിച്ചെങ്കിലും അതില്‍ പാകിസ്താന്റെയോ ജെയ്‌ഷെ മുഹമ്മദിന്റെയോ പേര് പരമാര്‍ശിക്കാത്ത സന്ദേശമാണ് ചൈന ഇന്ത്യയ്ക്ക് അയച്ചത്.

Content Highlights: UNSC resolution on Pulwama Attack was adopted unanimously by the UNSC