ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി. പേരിനോളം മൂല്യമുള്ളതല്ല സംഘടന എന്ന നിക്കി ഹാലെയുടെ പ്രഖ്യാപനത്തോടെയായിരുന്നു പിന്‍മാറ്റം. ഐക്യരാഷ്ട്രസഭയിലെ (യു.എന്‍.) അമേരിക്കന്‍ സ്ഥാനപതിയാണ് നിക്കി ഹാലെ.

മനുഷ്യാവകാശ കൗണ്‍സിലിന് മാറ്റങ്ങള്‍ വരുത്താന്‍ ഒരു പാട് അവസരങ്ങള്‍ തുടരെത്തുടരെ അമേരിക്ക നല്‍കിയിരുന്നു എന്നാല്‍ നടപടിയുണ്ടാവത്തതിനെ തുര്‍ന്നാണ് പിന്‍മാറ്റമെന്നും അവര്‍ അറിയിച്ചു.

ഇസ്രയേലിനോട് പുലര്‍ത്തുന്ന ഏകപക്ഷീയമായ സമീപനത്തില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റമെന്നാണ് നിക്കി ഹാലെയുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.

മനുഷ്യാവകാശങ്ങളെ പരിഹസിക്കുന്ന ഇരട്ടത്താപ്പുള്ള സ്വയം സന്നദ്ധ സംഘടനയുടെ ഭാഗമാവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് ഹാലെ അറിയിച്ചു.

സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയും ഹാലെയെ അനുകൂലിച്ചു. മനുഷ്യവകാശലംഘനങ്ങളെ വളരെ ദുര്‍ബലമായ രീതിയില്‍ പ്രതിരോധിക്കുന്ന സ്ഥാപനമാണ് മനുഷ്യാവകാശ കൗണ്‍സില്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതിര്‍ത്തി കടന്ന് അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിക്കുന്ന ട്രംപിന്റെ നയത്തിനെ(സെപ്പറേഷന്‍ നയം) കഴിഞ്ഞ ദിവസം കൗണ്‍സില്‍ തലവന്‍ തള്ളിപ്പറഞ്ഞിരുന്നു. ഇതും കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

'മനുഷ്യവകാശ ലംഘനം നടത്തുന്ന ക്യൂബ, വെനസ്വേല പോലുള്ള രാജ്യങ്ങളുള്ളപ്പോല്‍ ഇസ്രയേലിനെതിരെയാണ് കൂടുതല്‍ തവണ സംഘടന നടപടിയെടുത്തിട്ടുള്ളത്' എന്നും ഇസ്രയേലിന് വേണ്ടി സംസാരിച്ചു കൊണ്ട് ഹാലെ വ്യക്തമാക്കി.

അമേരിക്കയുടെ തീരുമാനത്തില്‍ മനിഷ്യാവകാശ കൗണ്‍സില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.

content highlights: United States pulls out of UN Human Rights Council