-
യുണൈറ്റഡ് നേഷൻസ്: കോവിഡ് ലോക്ക്ഡൗണുകൾ മൂലം വിവിധ രാജ്യങ്ങളിൽ സാധാരണ പ്രവർത്തനങ്ങൾ നിലച്ചിരിക്കെ കുട്ടികളെ കാത്തിരിക്കുന്നത് വലിയ ഭീഷണിയാണെന്ന് യുണിസെഫ്. വികസ്വര രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് കുട്ടികൾക്ക് വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകേണ്ട വാക്സിനേഷൻ പ്രക്രിയകൾ ലോക്ക് ഡൗൺ മൂലം തടസ്സപ്പെട്ടിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് യുണിസെഫിന്റെ മുന്നറിയിപ്പ്.
മീസിൽസ്, ഡിഫ്തീരിയ, പോളിയോ തുടങ്ങിയ രോഗങ്ങൾക്കെതിരായ വാക്സിനേഷനാണ് നിലവിലെ പ്രതിസന്ധിയിൽ നിലച്ചിരിക്കുന്നത്. പോളിയോ നിർമാർജനം ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ ഭൂരിഭാഗവും കുട്ടികൾക്ക് പോളിയൊ വാക്സിൻ നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്. 25 രാജ്യങ്ങളിൽ മീസിൽസിനെതിരായ പ്രതിരോധ വാക്സിൻ നൽകുന്നതും നിർത്തിവെച്ചു.
കോവിഡ് പ്രതിസന്ധി ഉടലെടുക്കുന്നതിന് മുമ്പുവരെ ഒരു വയസുവരെയുള്ള രണ്ടു കോടിയോളം കുട്ടികൾക്ക് പ്രതിവർഷം പോളിയോ, മീസിൽസ് വാക്സിനുകൾ ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം ഇത് നിലച്ചിരിക്കുന്നു. 2018-ന് ശേഷം ഒരു വയസിന് താഴെയുള്ള 1.3 കോടിയോളം കുട്ടികൾക്ക് ഈവക വാക്സിനുകൾ ഒന്നും തന്നെ ലഭിച്ചിട്ടുമില്ല.
ഈ സാഹചര്യത്തിലാണ് കോവിഡ് പ്രതിസന്ധി ലോകത്ത് ഉടലെടുക്കുന്നത്. ഇതോടെ വലിയ തോതിലുള്ള വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ചു. കോടിക്കണക്കിന് കുട്ടികളുടെ ജീവൻ ഇതേ തുടർന്ന് തുലാസിലായെന്നാണ് യുണിസെഫ് മുന്നറിയിപ്പിൽ പറയുന്നത്.
2010-നും2018-നും ഇടയ്ക്ക് 18.2 കോടി കുട്ടികൾക്ക് മീസിൽസ് പ്രതിരോധത്തിനുള്ള ഒന്നാം ഘട്ട വാക്സിൻ ഡോസ് ലഭിച്ചിട്ടില്ല. ഇതേ തുടർന്ന് ആഗോളതലത്തിൽ തന്നെ പ്രതിരോധ വാക്സിൻ ലഭിച്ച കുട്ടികളുടെ എണ്ണം 86 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കുറഞ്ഞത് 95 ശതമാനം കുട്ടികൾക്കെങ്കിലും മീസിൽസ് വാക്സിൻ ലഭിച്ചില്ലെങ്കിൽ ഈ രോഗം എവിടെയെങ്കിലും പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്നാണ് യുണിസെഫ് പറയുന്നത്.
പല രാജ്യങ്ങളിലും ഇത്തരത്തിൽ വാക്സിൻ ലഭിക്കാത്ത കുട്ടികളുടെ എണ്ണം അധികമാകുന്ന സ്ഥലങ്ങൾ വർധിച്ചുവരുന്നത് ആശങ്കയോടെയാണ് കാണുന്നത്. കോവിഡ് വരുന്നതിന് മുമ്പുതന്നെ സാമ്പത്തിക പ്രതിസന്ധിയുള്ള രാജ്യങ്ങളിൽ മീസിൽസ് പ്രതിരോധത്തിനുള്ള വാക്സിൻ നൽകൽ പൂർണ തോതിലല്ല നടക്കുന്നത്.
2010-നും 18-നും ഇടയിൽ ഒരു വയസിൽ താഴെയുള്ള മീസിൽസ് വാക്സിൻ ലഭിക്കാത്ത കുട്ടികളുടെ എണ്ണം കുടുതലുള്ള രാജ്യമാണ് എത്യോപിയ. 1.09 കോടി കുട്ടികൾക്ക് ഇവിടെ വാക്സിൻ നൽകിയിട്ടില്ല. കോംഗോ (62 ലക്ഷം), അഫ്ഗാനിസ്താൻ(38 ലക്ഷം), ഛാഡ്, മഡഗാസ്കർ, ഉഗാണ്ട എന്നീ രാജ്യങ്ങളിലായി 27 ലക്ഷം എന്നിങ്ങനെയാണ് വാക്സിൻ ലഭിക്കാത്ത കുട്ടികളുടെ എണ്ണം.
Content Highlights:Unicef warns over lack of life saving vaccines for kids
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..