UNICEF Representational Image | Photo: Pixabay
യുണൈറ്റഡ് നേഷന്‍സ്: കൊറോണ വൈറസ് വാക്‌സിനിന്റെ ആഗോളവിതരണത്തിന് യൂണിസെഫ് നേതൃത്വം നല്‍കും. പ്രതിരോധ വാക്‌സിനിന്റെ പ്രാഥമികഘട്ടവിതരണം എല്ലാ രാജ്യങ്ങളിലും സുരക്ഷിതവും ത്വരിതവും നിഷ്പക്ഷവുമായി നടപ്പിലാക്കാനാണ് വിതരണ നേതൃത്വം യൂണിസെഫ് ഏറ്റെടുത്തിരിക്കുന്നത്. യൂണിസെഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും ബൃഹത്തും വേഗതയേറിയതുമായ പ്രവര്‍ത്തനമായിരിക്കും കോവിഡ് വാക്‌സിന്റെ ആഗോള വിതരണം.
വിതരണത്തിനായി വിവിധ പ്രതിരോധ വാക്‌സിനുകളുടെ 200 കോടിയിലധികം ഡോസുകളാണ് യൂണിസെഫ് നിലവില്‍ വാങ്ങുന്നത്. വിവിധ രാജ്യങ്ങളില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഫലപ്രദമായ കോവിഡ് വാക്‌സിനുകള്‍ ശേഖരിച്ച് 92 ഓളം രാജ്യങ്ങളില്‍ വിതരണം നടത്താനാണ് യൂണിസെഫ് ലക്ഷ്യമിടുന്നത്. ഇതിനായി പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷ(PAHO)നുമായി യൂണിസെഫ് യോജിച്ച് പ്രവര്‍ത്തിക്കും.
80 സമ്പന്ന രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണത്തിലും ഇടനിലക്കാരനായി യൂണിസെഫ് പ്രവര്‍ത്തിക്കും. വാക്‌സിന്‍ സൗകര്യമൊരുക്കാനുള്ള സാമ്പത്തിക പിന്തുണ ഈ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 170 ഓളം രാജ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിതരണപ്രവര്‍ത്തനം യൂണിസെഫിന്റെ ഉത്തരവാദിത്തത്തിലുള്ള ഏറ്റവും വലുതും വേഗതയേറിയതുമായ പ്രവര്‍ത്തനമായിരിക്കും.
ഭരണകൂടങ്ങളും ഉത്പാദകരും തമ്മിലുള്ള പങ്കാളിത്തമാണ് വാക്‌സിന്‍ വിതരണ പദ്ധതിയെന്നും കോവിഡ് മഹാമാരിയ്‌ക്കെതിരെ ബഹുമുഖപങ്കാളിത്തത്തിലുള്ള പോരാട്ടം ആവശ്യമാണെന്നും യുണിസെഫ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഹെന്റീറ്റ ഫോര്‍ പറഞ്ഞു. കോവിഡിനെതിരെയുള്ള വാക്‌സിന്‍ ലഭ്യമാകുന്നതോടെ എത്രയും വേഗത്തില്‍ തന്നെ ആഗോളവിതരണം ഉറപ്പാക്കുന്നതിനാണ് യൂണിസെഫ് ലക്ഷ്യമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകാരോഗ്യസംഘടന(WHO), ലോക ബാങ്ക്, ഗവി ദ വാക്‌സിന്‍ അലയന്‍സ്, കോഅലിഷന്‍ ഫോര്‍ പ്രിപയേഡ്‌നെസ് ഇന്നൊവോഷന്‍സ്(CPEI), ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കൂടാതെ മറ്റ് ചില സ്ഥാപനങ്ങളും യൂണിസെഫിന്റെ കോവാക്‌സ് വിതരണപദ്ധതിയില്‍ പങ്കാളിത്തം വഹിക്കും. ഭാവിയില്‍ ഒരു രാജ്യത്തിലും കോവിഡ് വാക്‌സിന്‍ ലഭ്യതക്കുറവനുഭവപ്പെടരുതെന്നാണ് പദ്ധതിയുടെ ലക്ഷ്യം.
ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിക്കുന്ന മുറയ്ക്ക് വന്‍തോതിലുള്ള വാക്‌സിന്‍ ഉത്പാദനത്തിനുള്ള മൂലധനനിക്ഷേപം ഉറപ്പുവരുത്തണമെന്ന് വാക്‌സിന്‍ നിര്‍മാതാക്കള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18 ഓടെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുനല്‍കുന്നതിനായി സ്വാശ്രയ സമ്പദ്ഘടനകളുമായി കരാര്‍ ഒപ്പുവെക്കുമെന്നും യൂണിസെഫ് വ്യക്തമാക്കി. അടുത്ത ഒന്ന് രണ്ട് കൊല്ലങ്ങളിലേക്കുള്ള വാക്‌സിന്‍ ഉത്പാദനത്തിനാവശ്യമായ മൂലധനനിക്ഷേപം ഉറപ്പാക്കിയിട്ടുണ്ടെന്നും യൂണിസെഫ് അറിയിച്ചു.
Content Highlights: UNICEF to lead global supply of Covid-19 vaccines
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..