യുണൈറ്റഡ് നേഷന്‍സ്: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 5.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അത് 6.6 ആകുമെന്നും വ്യാഴാഴ്ച പുറത്തുവിട്ട ആഗോള സാമ്പത്തിക സാഹചര്യങ്ങളും സാധ്യതകളും (World Economic Situation and Prospects report ) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ വളര്‍ച്ച അഞ്ച് ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നത്. ഇതിനേക്കാള്‍ കൂടുതലാണ് യുഎന്നിന്റെ കണക്കുകളെന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞവര്‍ഷം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.6 ആകുമെന്നായിരുന്നു യുഎന്‍ പ്രവചിച്ചിരുന്നത്. ഇതില്‍ നിന്ന് വന്‍ മാറ്റമാണ് ജനുവരിയിലെ റിപ്പോര്‍ട്ടിലുള്ള കണക്കുകള്‍ പറയുന്നത്. വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തുമ്പോഴും ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയില്‍ തന്നെയാകുമെന്ന് യുഎന്നിന്റെ ആഗോള സാമ്പത്തിക നിരീക്ഷണ വിഭാഗത്തിന്റെ തലവന്‍ ഡോണ്‍ ഹോളണ്ട് പറഞ്ഞു.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം ചൈനയ്ക്കായിരിക്കും. ആറ് ശതമാനമാകും ചൈനയുടെ വളര്‍ച്ച. എന്നാല്‍ ഇന്ത്യയില്‍ നടത്തിയിരിക്കുന്ന പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ വരും വര്‍ഷങ്ങളില്‍ ത്വരിതപ്പെടുത്തുമെന്നും ഡോണ്‍ ഹോളണ്ട് വ്യക്തമാക്കി.
അതേസമയം ആഗോള സാമ്പത്തിക വളര്‍ച്ച 2.3 ശതമാനമായി കുറയുമെന്നാണ് യു.എന്‍ വിലയിരുത്തുന്നത്. ഈ ദശകത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇത്. അമേരിക്ക- ചൈന വ്യാപാര യുദ്ധം ആഗോള വളര്‍ച്ചയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നും യുഎന്നിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ എലിയറ്റ് ഹാരിസ് പറയുന്നു.
Content Highlights: UN report projects India's growth rate at 5.7% for 2019-20, 6.6% in next fiscal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..