യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ (യു.എന്‍) പുതിയ സെക്രട്ടറി ജനറലിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. നിലവിലെ യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി കൂടിയായ അന്റോണിയോ ഗുട്ടെറസിന് യു.എന്‍ ജനറല്‍ അസംബ്ലിയിലും സെക്യൂരിറ്റി കൗണ്‍സിലും വിപുലമായ പിന്തുണയുണ്ട്. യു.എന്‍ സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ നിര്‍ണായക പിന്തുണയും ഗുട്ടെറസിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇത്തവണ യു.എന്‍ മേധാവി സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ട് ഹോണ്ടൂറാസ് അംബാസഡര്‍ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. 1945ല്‍ യു.എന്‍ സ്ഥാപിതമായത് മുതല്‍ പുരുഷന്‍മാരെ മാത്രമാണ് സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി മേയ്, ജൂണ്‍ മാസത്തോടെ അന്തിമ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. 

ആഗോളതലത്തില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട രീതിയില്‍ ഇടപെട്ടിട്ടില്ലെന്ന് നിരവധി സര്‍ക്കാര്‍ ഇതര ഗ്രൂപ്പുകളില്‍ നിന്ന് ഗുട്ടെറസ് വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. നേരത്തെ യു.എന്‍ അഭയാര്‍ഥി വിഭാഗത്തിന്റെ അധ്യക്ഷനായി മികച്ച രീതിയില്‍ സേവനമുഷ്ഠിച്ച ഗുട്ടെറസിന് സിറിയ, യെമന്‍ ഉള്‍പ്പെടെയുള്ള തര്‍ക്ക വിഷയങ്ങള്‍ പരിഹാരിക്കുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുകളില്ലെന്നും വിമര്‍ശനമുണ്ട്.

content highlights: UN Begins Selection for Next Secy-Gen, Plea for Female Candidate Gains Ground