യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി | Photo - AFP
കീവ്: താന്‍ ഒളിച്ചിരിക്കുകയല്ലെന്നും ആരെയും ഭയമില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. റഷ്യ കനത്ത ഷെല്ലാക്രമണം തുടരുന്നതിനിടെ, താന്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ വെളിപ്പെടുത്തിക്കൊണ്ടാണ് സെലന്‍സ്‌കി ഇക്കാര്യം പറഞ്ഞത്.
കീവിലെ ബന്‍കോവ സ്ട്രീറ്റിലാണ് താന്‍ ഉള്ളത്. രാജ്യത്തിന്റെ അഭിമാനം കാക്കുന്നതിനുവേണ്ടിയുള്ള യുദ്ധത്തില്‍ വിജയിക്കുക എന്നതാണ് പ്രധാനമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഫെബ്രുവരി 24 ന് യുക്രൈനെതിരായ യുദ്ധം പ്രഖ്യാപിച്ചശേഷം പ്രസിഡന്റ് സെലന്‍സ്‌കി മൂന്ന് തവണ വധശ്രമങ്ങളില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെറുത്തുനില്‍പ്പിന്റെ പന്ത്രണ്ടാം ദിവസമാണ് ഇന്നെന്ന് സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 'ഞങ്ങള്‍ എല്ലാവരും യുദ്ധമുഖത്താണ്. എല്ലാവരും കഠിനാധ്വാനം ചെയ്യുന്നു. ഞാന്‍ കീവിലുണ്ട്. എന്റെ ടീം എന്നോടൊപ്പമുണ്ട്', സെലന്‍സ്‌കി പറഞ്ഞു. റഷ്യയ്‌ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തുന്ന യുക്രൈന്‍ സൈന്യത്തിന് സെലന്‍സ്‌കി നന്ദി പറഞ്ഞു.
യുക്രൈനിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി റഷ്യ ആക്രമണം തുടരുകയാണ്. 331 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണസംഖ്യ ഇതിലും വളരെ ഉയര്‍ന്നത് ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലക്ഷക്കണക്കിനുപേരാണ് യുദ്ധം തുടങ്ങിയതിനുശേഷം യുക്രൈനില്‍നിന്ന് പലായനം ചെയ്തത്.
Content Highlights: Russia- Ukraine war, Zelensky
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..