പ്രതീകാത്മകചിത്രം(റഷ്യയുടെ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന് മുന്നിലൂടെ പോകുന്ന യുക്രൈൻ പൗരൻ) | Photo: AFP
കീവ്: അവിശ്വസനീയമാണ്, യുദ്ധമുഖത്തുനിന്ന് രക്ഷപ്പെട്ടെത്തുന്ന പലരുടെയും അനുഭവകഥകള്‍. പ്രിയപ്പെട്ടവരുടെ മരണം കണ്മുന്നില് കണ്ടവരും ശത്രുവിനെ കബളിപ്പിച്ച് മരണത്തില്‍നിന്ന് രക്ഷപ്പെട്ടവരുമൊക്കെ നിരവധിയാണ്. റഷ്യന്‍ സൈനികര്‍ ജീവനോടെ കുഴിച്ചുമൂടിയിട്ടും രക്ഷപ്പെട്ട യുക്രൈന് പൗരന് മൈക്കോള കുലിഷെന്കോയുടെ കഥയും ഇത്തരത്തിലൊന്നാണ്. അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്നിനോടാണ് മൈക്കോള തന്റെ അനുഭവം പങ്കുവെച്ചത്.
യുദ്ധം ആരംഭിച്ച് മൂന്നരയാഴ്ച കഴിഞ്ഞപ്പോഴാണ് മുപ്പത്തിമൂന്നുകാരനായ മൈക്കോളയും സഹോദരന്മാരും റഷ്യന്‍ സൈനികരുടെ പിടിയിലാകുന്നത്. ഇവരുടെ വീടിന് സമീപത്തുവെച്ച് റഷ്യന്‍ സൈനികസംഘത്തിനു നേര്‍ക്ക് ബോംബ് ആക്രമണം നടന്നിരുന്നു. ആക്രമണം നടത്തിയവരെ പിടികൂടാന്‍ റഷ്യന്‍ സൈന്യം നടത്തിയ ശ്രമത്തിനിടെയാണ് മൈക്കോളയും സഹോദരന്മാരും പിടിയിലാകുന്നത്. റഷ്യന്‍ സൈന്യം ഇവരുടെ വീടിനുള്ളിലേക്ക് ഇരച്ചുകയറി.
മൈക്കോളയെയും സഹോദരന്മാരെയും വീടിന്റെ മുന്‍വശത്ത് മുട്ടുകുത്തി നിര്‍ത്തിച്ചതിനു ശേഷമായിരുന്നു റഷ്യന്‍ സൈന്യത്തിന്റെ പരിശോധന. ബോംബ് ആക്രമണവുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്താനാവുമോ എന്ന് അവര്‍ വിശദമായി പരിശോധിച്ചു. ഇതിനു പിന്നാലെ, കുലിഷെന്‍കോ സഹോദരന്മാരുടെ മുത്തച്ഛന്റെ സൈനിക മെഡലുകളും മൈക്കോളയുടെ സഹോദരന് യെവ്ഹാന്റെ മിലിട്ടറി ബാഗും(മുന്‍പ് പാരാട്രൂപ്പറായി ജോലി ചെയ്തിരുന്ന ആളായിരുന്നു യെവ്ഹെന്‍) റഷ്യന്‍ സംഘത്തിന് ലഭിച്ചു. ഇതോടെ കുലിഷെന്‍കോ സഹോദരന്മാര് എന്തോ മറച്ചുവെക്കുന്നു എന്ന സംശയം റഷ്യന്‍ സൈനികര്‍ക്കു തോന്നി. ഇതോടെ മൈക്കോളയെയും രണ്ടു സഹോദരന്മാരെയും റഷ്യന്‍ സംഘം ഒരു ബേസ്മെന്റിലേക്ക് കൊണ്ടുപോയി.
Also Read
മൂന്നുദിവസമാണ് സൈന്യം ഇവരെ ചോദ്യം ചെയ്തത്. നാലാമത്തെ ദിവസം വിട്ടയക്കുമെന്നാണ് കരുതിയത്. എന്നാല്‍ ലോഹദണ്ഡ് ഉപയോഗിച്ച് മര്‍ദിക്കുകയും തോക്കിന്റെ ബാരല്‍ വായില്ക്കുത്തിയിറക്കുകയും ചെയ്തെന്ന് മൈക്കോള പറയുന്നു. ബോധം നഷ്ടമാകുന്നിടംവരെ റഷ്യന്‍ സൈന്യം തങ്ങളെ മര്‍ദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് മൂന്നു സഹോദരന്മാരുടെയും കണ്ണുകള്‍ മൂടിക്കെട്ടി, ബന്ധിച്ച് സൈനിക വാഹനത്തില്‍ കയറ്റി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. കണ്ണിലെ കെട്ട് അഴിക്കാതെ തന്നെ മുട്ടുകുത്തി നിര്‍ത്തിച്ചു. ശേഷം റഷ്യന്‍സൈന്യം കുഴികുത്താന്‍ ആരംഭിച്ചെന്ന് മൈക്കോള പറഞ്ഞു. ആദ്യം പിറകില്‍നിന്ന് ഒരു വെടിയൊച്ച കേള്‍ക്കുകയും മൂത്ത സഹോദരന് ദിമിത്രോ നിലത്തേക്ക് വീഴുകയും ചെയ്തു. പിന്നാലെ യെവ്ഹെനും വീണു. തുടര്‍ന്ന് മൈക്കോളയ്ക്കു നേര്‍ക്ക് വെടിയുതിര്‍ക്കപ്പെട്ടു. മൈകോളയുടെ കവിളിലൂടെ തുളച്ചുകയറിയ വെടിയുണ്ട വലതുചെവിയുടെ അരികിലൂടെ പുറത്തുപോയി. രക്ഷപ്പെടാനുള്ള അവസാനമാര്‍ഗം മരിച്ചതായി അഭിനയിക്കുകയാണെന്ന് ഇതോടെ മൈകോളയ്ക്ക് മനസ്സിലായി. തുടര്‍ന്ന് മൈകോള മരിച്ചതായി നടിച്ചു.
മൂന്നുപേരും വീണതോടെ റഷ്യന്‍ സൈനികര്‍ ഇവരുടെ ശരീരങ്ങള്‍ കുഴിയിലേക്ക് ഇട്ട് മേലെ ചെളിയും നിറച്ച ശേഷം മടങ്ങി. കുഴിക്കുള്ളില്‍ എത്രനേരം കഴിഞ്ഞെന്ന് അറിയില്ലെന്ന് മൈകോള പറയുന്നു. എന്നിരുന്നാലും സഹോദരന്റെ മൃതദേഹത്തിന്റെ അടിയില്‍നിന്ന് ഒരുവിധം മൈകോള പുറത്തെത്തി. ദിമിത്രോയുടെ മൃതദേഹം മുകളിലായി കിടന്നിരുന്നതിനാല്‍ ശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ട് തോന്നിയിരുന്നു. പക്ഷെ കൈകളും മുട്ടും ഉപയോഗിച്ച് അദ്ദേഹത്തിന്റെ മൃതശരീരത്തെ ഒരുവശത്തേക്ക് നീക്കി, എന്നിട്ടാണ് കുഴിക്കു പുറത്തെത്തിയത്- മൈകോള കൂട്ടിച്ചേര്‍ത്തു. കുഴിയില്‍നിന്ന് കരകയറിയ മൈകോള ഒരുവിധത്തില്‍ സമീപത്തെ വീട്ടിലെത്തി.
ആ വീട്ടിലുണ്ടായിരുന്ന സ്ത്രീ മൈകോളയെ പരിചരിച്ചു. ഒരുരാത്രി അവിടെ കഴിഞ്ഞശേഷം മൈകോള സഹോദരിയുടെ അരികില്‍ എത്തിച്ചേരുകയുമായിരുന്നു. ദിവസങ്ങളായി സഹോദരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു മൈകോളയുടെ സഹോദരി.
ഏപ്രില്‍ ആദ്യത്തോടെ റഷ്യന്‍ സൈന്യം ചെര്ണിഹേവില്നിന്ന് പിന്‍വലിഞ്ഞു. ഇതിനു പിന്നാലെ ദിമിത്രോയ്ക്കും യെവ്ഹാനും യഥാവിധിയുള്ള സംസ്കാരം നടത്തിയെന്നും മൈകോള പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..